സുഗതന്റെ ആത്മഹത്യ: ആത്മഹത്യാ പ്രേരണക്ക് പോലീസ് കേസെടുത്തു

By Web DeskFirst Published Feb 26, 2018, 2:20 PM IST
Highlights

കൊല്ലം:  പുനലൂരിൽ പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്ക് പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് നേരത്തെ കേസ് ചാർജ്ജ് ചെയ്തിരുന്നത്.

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പില്‍, ഉടമ സുഗതന്‍ ജീവനൊടുക്കിയതില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിലപാട്. സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മരണത്തിന് ഉത്തരവാദികളായവരെ പിടിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം  ജീവനൊടുക്കുമെന്ന് മരിച്ച സുഗതന്റെ മകന്‍ സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയെന്നും സംഭവം ഒത്ത് തീര്‍ക്കാന്‍ ഇവര്‍ പണം ആവശ്യപ്പെട്ടെന്നും മകന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൊഴിയില്‍ പേരുള്ള എഐവൈഎഫ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനോ കൂടുതല്‍ അന്വേഷണത്തിനോ പൊലീസ് തയ്യാറായിരുന്നില്ല. സംഭവത്തില്‍ തെളിവുകളില്ലെന്നാണ് കുന്നിക്കോട് എസ്‌ഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പൊലീസിന്റെ മെല്ലപ്പോക്കിന് പിന്നില്‍ പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

click me!