
തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിൽ ആവശ്യത്തിനു കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തീവ്ര ശ്രമം നടക്കുന്നു. ഇന്നലെ രാത്രി മാത്രം പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് തിരുവനന്തപുരം ആസ്ഥാനമായ സെൻട്രൽ സർക്കിളിൽനിന്ന് 30,000 ലിറ്റർ കുടിവെള്ളം കയറ്റിയയച്ചു. ടാങ്കർ ലോറികളിലും കുപ്പിവെള്ളമായുമാണു വെള്ളം എത്തിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മുതൽ ഇന്നു രാവിലെ അഞ്ചു വരെയുള്ള 12 മണിക്കൂറിനിടെ കുമരകം ഭാഗത്തു മാത്രം 10,000 ലിറ്റർ വെള്ളം എത്തിച്ചതായി വാട്ടർ അതോറിറ്റി കൺട്രോൾ റൂമിൽനിന്ന് അറിയിച്ചു.
കോട്ടയം മുനിസിപ്പൽ മേഖലയിൽ 2000 ലിറ്ററും മണ്ണാർകാട് ഭാഗത്ത് 2000 ലിറ്ററും വൈക്കം മുനിസിപ്പാലിറ്റിയിൽ 2500 ലിറ്ററും വെള്ളം വിതരണം ചെയ്തു. കുമരകം, മണ്ണാർകാട് ഭാഗങ്ങളിൽ 300 ലിറ്റർ വീതം കുപ്പിവെള്ളവും എത്തിച്ചിരുന്നു. പത്തനംതിട്ട കളക്ടറേറ്റിൽ ഇന്നലെ രാത്രി 5000 ലിറ്റർ വെള്ളം എത്തിച്ചു. പന്തളം എൻഎസ്എസ് ഹാളിലെ ദുരിതാശ്വാസ ക്യാംപിൽ 2000 ലിറ്ററും എസ്.പി. ഓഫിസിൽ 5000 ലിറ്ററും വെള്ളം എത്തിച്ചു.
ഇരവിപേരൂർ, പൂമറ്റം, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് 1850 ലിറ്റർ വെള്ളം ഇന്നലെ രാത്രി എത്തിച്ചതായും വാട്ടർ അതോറിറ്റി ദക്ഷിണ മേഖലാ ഓഫിസിൽനിന്ന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളാണു ദക്ഷിണ മേഖലയ്ക്കു കീഴിൽ വരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സാധാരണ നിലയിൽ ജലവിതരണം നടക്കുന്നുണ്ട്. വെള്ളക്കെട്ടിനെത്തുടർന്ന് ജലവിതരണം താറുമാറായ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam