
വയനാട്: വേനല്‍ക്കാലത്ത് ഉപകാരപ്പെടില്ലെന്ന് അറിഞ്ഞിട്ടും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയായി. വെള്ളമുണ്ട പഞ്ചായത്തിലെ മംഗലശേരി കുടിവെള്ള പദ്ധതിയാണ് വേനലില്‍ പ്രയോജനം ലഭിക്കാതെ പോകുന്നത്. പദ്ധതി നിര്‍മാണ സമയത്ത് തന്നെ പദ്ധതി പാഴ്‌ചെലവാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കാട്ടരുവിയിലെ വെള്ളം ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണിത്. പണി പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സമീപത്തെ ആദിവാസി കോളനിയിലേക്ക് പോലും വേണ്ടത്ര വെള്ളം പദ്ധതിയില്‍ നിന്ന് ലഭിച്ചിട്ടില്ല. മലമുകളിലെ നീര്‍ച്ചാലിന് കുറുകെ നിര്‍മ്മിച്ച ചെക്ക്ഡാമിലേക്ക് വെളളമെത്താതെ വന്നതോടെയാണ് പദ്ധതി പരാജയമായതെന്ന് നാട്ടുകാര്‍ പറയുന്നു.
ഡാമിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്താതെയും വേണ്ടത്ര പഠനം നടത്താതെയുമാണ് ലക്ഷങ്ങള്‍ പദ്ധതിക്കായി പാഴാക്കിയത്. നിലവില്‍ വേനലാരംഭത്തില്‍ തന്നെ ഡാം വറ്റിത്തുടങ്ങും. കടുത്ത വേനലില്‍ ഇവിടെ ഒരുതുള്ളിവെള്ളം പോലും ഉണ്ടാകില്ലത്രേ. വേനല്‍മഴ ലഭിച്ചാല്‍ രണ്ടോ മൂന്നോ ദിവസം മാത്രമെ ഡാമില്‍ വെള്ളമുണ്ടാകൂ.
തനത് ഫണ്ടിന് പുറമെ പൊതുജന വിഹിതവും കൂടി ചിലവഴിച്ച് നിര്‍മിച്ച പദ്ധതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു. ആദിവാസി ക്ഷേമത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് ഇത്തരം പദ്ധതികളിലുടെ നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam