ചാരക്കേസിൽ നഷ്ടപരിഹാരം തേടി ഫൗസിയ ഹസ്സൻ; കേസിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമെന്ന് വെളിപ്പെടുത്തൽ

By Web TeamFirst Published Jan 10, 2019, 1:11 PM IST
Highlights

ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയ്ക്കൊപ്പം പ്രതി ചേർക്കപ്പെട്ട ഫൗസിയ ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തലുകൾ നടത്തുന്നത്. 

കോഴിക്കോട്: ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസ്സൻ. താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സൻ.

തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. രണ്ട് പേർക്കും കേരള സർക്കാർ നഷ്ടപരിഹാരം നൽകണം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടിയതിൽ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൊലീസുദ്യോഗസ്ഥൻ എസ് വിജയനാണ് ചാരക്കേസിന് പിന്നിൽ. ഇതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയിൽ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണൻ - എന്ന പേര് പറയാൻ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു - ഫൗസിയ ഹസ്സൻ പറയുന്നു. 

കരുണാകരനെയും നരസിംഹറാവുവിന്‍റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതിൽ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സൻ വെളിപ്പെടുത്തുന്നു. താനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമപോരാട്ടം തുടരുക - ഫൗസിയ ഹസ്സൻ പറയുന്നു.

ഐഎസ്ആർഒ ചാരക്കേസിന്‍റെ സത്യമെന്ത്? ഏഷ്യാനെറ്റ് ന്യൂസ് മുൻ ചീഫ് എഡിറ്റർ ടി എൻ ഗോപകുമാറിന് നമ്പി നാരായണൻ നൽകിയ പ്രത്യേക അഭിമുഖം

ചാരക്കേസിൽ നമ്പി നാരായണന്‍റെ നിയമപോരാട്ടം

നമ്പി നാരായണന്‍റെ 22 വർഷം നീണ്ട നിയമപോരാട്ടത്തിൽ നിർണ്ണായകമായിരുന്നു കഴിഞ്ഞ സെപ്തംബർ 14-ന് വന്ന സുപ്രീംകോടതി വിധി. 1996 ൽ സിബിഐ ചാരക്കേസ് എഴുതിത്തള്ളിയതുമുതൽ തുടങ്ങിയതാണ് നമ്പി നാരായണന്‍റെ ഒറ്റയാൾ പോരാട്ടം. സിബിഐ എഴതുത്തള്ളിയ കേസ് സംസ്ഥാന സർക്കാർ വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചതിന് എതിരെയായിരുന്നു അദ്യ യുദ്ധം. സെൻകുമാറിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ പുനരന്വേഷണം സുപ്രീംകോടതി വരെ പോയി റദ്ദാക്കി.

തന്നെ അറസ്റ്റ് ചെയ്തവർക്ക് എതിരെ നടപടിയായിരുന്നു അടുത്ത ലക്ഷ്യം. പറ്റില്ലെന്ന് സർക്കാർ തീർത്തുപറഞ്ഞതോടെ വീണ്ടും കോടതിയിലേക്ക്. വർഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ തീരുമാനം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഹർജി തള്ളി. അപ്പോഴേക്കും നമ്പി നാരായണ്‍റെ നിയമപോരാട്ടത്തിന് പ്രായം 18 വയസ് തികഞ്ഞു.

വീണ്ടും സുപ്രീം കോടതിയെ സമീപിച്ച നമ്പി നാരായണന്‍ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ പ്രോസിക്യൂഷൻ വേണമെന്നതും നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നതും തൽക്കാലം അംഗീകരിച്ചില്ലെങ്കിലും ചാരക്കേസിൽ നടന്നത് വിശദമായി പരിശോധിക്കാൻ സമിതിയെ നിയമിച്ചത് നേട്ടമായി. അതിന് ശേഷം അടുത്ത അങ്കത്തിന് സാധ്യത നിരവധി. തീരുമാനം വൈകുമോ എന്നതിൽ മാത്രമാണ് നമ്പി നാരായാണന് ആശങ്ക.

കൂട്ടുപ്രതികളെല്ലാം, കേസിൽ നിന്ന് രക്ഷപെട്ടതിൽ ആശ്വസിച്ചപ്പോഴാണ് നമ്പി നാരായാണൻ നിയമപോരാട്ടത്തിന് ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം നമ്പി നാരായണൻ മാത്രം തലഉയർത്തി നിൽക്കുന്നതും അതുകൊണ്ടാണ്.

click me!