
ബംഗളൂരു: ബിജെപിയെ ഭയന്ന് ബംഗളൂരുവിലെ റിസോർട്ടിലെത്തിച്ച 44 ഗുജറാത്ത് എംഎൽഎമാരുടെ താമസത്തിനു ചുമതല വഹിക്കുന്ന കർണാടക ഊർജ മന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് തുടരും. കർണാടകയിലും ഡൽഹിയിലുമായി 64 സ്ഥലത്ത് നടത്തിയ റെയ്ഡിൽ പത്തു കോടി രൂപയും ആഭരണങ്ങളും പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിനായി ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. റെയ്ഡിനെതിരേ കർണാടകയിലെ വിവിധഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഡൽഹിയിൽനിന്ന് 7.9 കോടി രൂപയും കർണാടകയിൽനിന്ന് 2.23 കോടി രൂപയും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ ശിവകുമാറിന് കണക്കിൽപ്പെടുത്താത്ത വൻ നിക്ഷേപമുണ്ടെന്ന ആരോപണത്തെത്തുടർന്നായിരുന്നു റെയ്ഡ്. സിംഗപ്പുരിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള നിക്ഷേപങ്ങളും നിരീക്ഷണത്തിലാണെന്ന് അധികൃതർ പറഞ്ഞു. ബംഗളൂരുവിലെ കോളജിലെ ലോക്കറിൽനിന്നാണ് ആഭരണങ്ങൾ കണ്ടെടുത്തത്. ശിവകുമാറിന്റെ ബന്ധുവിന്റെ പേരിലുള്ളതാണു ലോക്കർ.
എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഈഗിൾടൺ ഗോൾഫ് റിസോർട്ടിൽനിന്ന് ഇന്നലെ രാവിലെ മന്ത്രി ഡി.കെ. ശിവകുമാറിനെ ആദായനികുതി വകുപ്പ് സംഘം കസ്റ്റഡിയിലെടുത്തു. റിസോർട്ടിൽവച്ച് ചോദ്യംചെയ്തശേഷമാണു മന്ത്രിയെ കസ്റ്റഡിയിലെടുത്തത്.ഉച്ചയോടെ അദ്ദേഹത്തെ വിട്ടയച്ചു. ഡൽഹിയിൽനിന്നു ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലെത്തിയ ശിവകുമാർ റിസോർട്ടിലാണു തങ്ങിയത്. ഗുജറാത്തിൽനിന്നുള്ള എംഎൽഎമാരുടെ മുറികൾ പരിശോധിച്ചില്ലെന്നും ശിവകുമാറിന്റെ മുറിയിൽ മാത്രമാണു പരിശോധന നടത്തിയതെന്നും ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു.
റെയ്ഡ് നടത്തിയ 120 പേരടങ്ങുന്ന ആദായനികുതി വകുപ്പ് സംഘത്തിനു സുരക്ഷയൊരുക്കി പാരാമിലിട്ടറി സേനാംഗങ്ങളുണ്ടായിരുന്നു. പരിശോധനാ സമയം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണെന്നും എംഎൽഎമാർ റിസോർട്ടിലെത്തിയതു പിന്നീടു സംഭവിച്ച കാര്യമാണെന്നും അധികൃതർ അവകാശപ്പെട്ടു.
ഒരു രാജ്യസഭാ സീറ്റിനു വേണ്ടി കേട്ടുകേൾവിയില്ലാത്ത പ്രതികാരനടപടിയാണു ബിജെപി കൈക്കൊള്ളുന്നതെന്നു മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയുമായ അഹമ്മദ് പട്ടേൽ കുറ്റപ്പെടുത്തി.
ഗുജറാത്തിൽ ആറു കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് നിയമസഭാംഗത്വം രാജിവച്ചു. ഇതിൽ മൂന്നു പേർ ബിജെപിയിൽ ചേർന്നു. ഒരാൾ രാജ്യസഭയിലേക്കു ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു. 15 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപി തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കുകയാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. എംഎൽഎമാരുടെ കുടുംബാംഗങ്ങളെയും ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്. കൂടുതൽ പേർ മറുകണ്ടം ചാടുന്നത് ഒഴിവാക്കാനാണ് പാർട്ടി ഭരിക്കുന്ന കർണാടകയിലേക്ക് ഗുജറാത്ത് എംഎൽഎമാരെ കൊണ്ടുവന്നത്. ഇവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കിയതു മന്ത്രി ഡി.കെ. ശിവകുമാറാണ്. ഇന്ത്യയിലെതന്നെ ഏറ്റവും ധനികരായ മന്ത്രിമാരിലൊരാളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam