വിവാഹേതര ബന്ധം തുടരാനായി കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി  അറസ്റ്റിലായി. ഹൃദയാഘാതമാണ് മരണകാരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി 

ഹൈദരാബാദ്: വിവാഹേതര ബന്ധം തുടരാനായി കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി പത്തുദിവസത്തിന് ശേഷം പിടിയിലായി. ബംഗളൂരു സ്വദേശിയായ വിജെ അശോകിനെയാണ് (45) ഭാര്യ പൂർണിമയും (36) കാമുകൻ മഹേഷും ചേർന്ന് കൊലപ്പെടുത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കളെയും പോലീസിനെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സത്യം പുറത്തുവരികയായിരുന്നു.

ബംഗളൂരു സ്വദേശികളായ അശോകും പൂർണിമയും 2011-ലാണ് വിവാഹിതരാകുന്നത്. ഇവർക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്. ഹൈദരാബാദിലെ ബോഡുപ്പലിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഒരു എഞ്ചിനീയറിംഗ് കോളേജിലെ ലോജിസ്റ്റിക് മാനേജരായിരുന്നു അശോക്. പൂർണിമ വീട്ടിൽ പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ പ്രകാശം ജില്ലക്കാരനായ മഹേഷുമായി പൂർണിമ പ്രണയത്തിലായി. ഇയാളുമായി അവിഹിതം ബന്ധം പൂർണിമ തുടർന്നു. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവാവുകയും ചെയ്തു. വിവാഹേതര ബന്ധം അശോക് കണ്ടെത്തിയതോടെയാണ്, ഒഴിവാക്കാൻ പൂർണിമയും മഹേഷും ചേർന്ന് പദ്ധതി തയ്യാറാക്കിയത്. ഇതിനായി മഹേഷിന്റെ സുഹൃത്തായ സായി കുമാറിനെയും (22) സംഘത്തിൽ കൂട്ടി.

ഡിസംബർ 11-നാണ് കൊലപാതകം നടന്നത്. അശോക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയം നോക്കി മഹേഷും സായി കുമാറും വീട്ടിലെത്തി. ഇരുവരും ചേർന്ന് അശോകിനെ തറയിലേക്ക് തള്ളിയിട്ടു. പൂർണിമയും സായിയും ചേർന്ന് അശോകിനെ ബലമായി പിടിച്ചു വെക്കുകയും മഹേഷ് മൂന്ന് ഷാളുകൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. അശോക് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മഹേഷും സായിയും അവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പൂർണിമ ഭർത്താവിന്റെ വസ്ത്രങ്ങൾ മാറ്റുകയും അദ്ദേഹം ബാത്ത്റൂമിൽ കുഴഞ്ഞുവീണതാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും ബന്ധുക്കളെയും പൊലീസിനെയും വിശ്വസിപ്പിച്ചു. സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴും ഇതേ മൊഴിയാണ് നൽകിയത്.

എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അശോകിന്റെ കഴുത്തിലും കവിളിലും പരിക്കുകൾ കണ്ടത് പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്, മരണം നടന്ന രാത്രി മഹേഷും സായിയും വീട്ടിൽ വന്നുപോകുന്നത് കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. പൂർണിമ, മഹേഷ്, സായി കുമാർ എന്നിവരെ മേഡിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.