മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Mar 11, 2018, 10:36 PM IST
Highlights
  •  അടുത്ത 48 മണിക്കൂറിനിടയില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്ന് മുന്നറിയിപ്പുളളതിനാല്‍ കേരള തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്ന് മുന്നറിയിപ്പുളളതിനാല്‍ കേരള തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. 

കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ ന്യൂനമര്‍ദ്ദം ആയേക്കും എന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിക്കുന്നു. തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ഈ മാസം 14 വരെ  ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരതെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ സന്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എത്തിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. നേരത്തെ കടലില്‍ മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ എത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. 
 

click me!