വെള്ളത്തിനായി കിണര്‍ വൃത്തിയാക്കി; കിട്ടിയത് ആധാര്‍ കാര്‍ഡ്

By web deskFirst Published Mar 15, 2018, 5:10 PM IST
Highlights
  • യവാത്മാള്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ലൊഹാര ഗ്രാമത്തിലെ താമസക്കാരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര:  മഹാരാഷ്ട്രയിലെ യവാത്മാളില്‍ കുടിവെള്ളത്തിനായി കിണര്‍ വൃത്തിയാക്കിയ യുവാക്കള്‍ക്ക് കിട്ടിയത് നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍. യവാത്മാളിലെ സായ്മന്ദിര്‍ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. 

മാര്‍ച്ച് പതിനൊന്നിന്, സ്ഥലത്തെ ജലക്ഷാമത്തിന് പരിഹാരം തേടിയാണ് യുവാക്കള്‍ ഉപേക്ഷിക്കപ്പെട്ട കിണര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചത്. വെള്ളം വറ്റിക്കുന്നതിനിടെ ചില പ്ലാസ്റ്റിക്ക് ചാക്കുകള്‍ കല്ലുകെട്ടി വെള്ളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചാക്കുകള്‍ തുറന്നു നോക്കിയപ്പോഴാണ് ആധാര്‍ കാര്‍ഡുകളാണെന്ന് മനസിലായത്. 

യവാത്മാള്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ലൊഹാര ഗ്രാമത്തിലെ താമസക്കാരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. കണ്ടെത്തിയ കാര്‍ഡുകള്‍ക്ക് രണ്ടുവര്‍ഷം പഴക്കമുണ്ട്. സംഭവത്തില്‍ യുവാത്മാള്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉടമസ്ഥരെ ഏല്‍പ്പിക്കാനായി തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ച കാര്‍ഡുകളാണ് കിണറില്‍ നിന്ന് ലഭിച്ചതെന്നാണ് ഔദ്ധ്യോഗീക വിശദീകരണം. തപാല്‍ വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. 

യുവാത്മാള്‍ കലക്ടര്‍ രാജേഷ് ദേശ്മുഖ് തഹസീല്‍ദാര്‍ സച്ചിന്‍ ഷീജലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തപാല്‍വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അവധൂത്‌വാടി പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഉപേക്ഷിക്കപ്പെട്ട എല്ലാ കിണറുകളും പരിശോധിക്കാന്‍ തഹസില്‍ദാര്‍ ഉത്തരവിട്ടതായി എന്‍ഡിടിവി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 2011 മുതല്‍ 2014 വരെ അനുവദിച്ച ആധാര്‍ കാര്‍ഡുകളാണ് കണ്ടെത്തിയവ.
 

click me!