
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തി നില്‍ക്കെ 1995 ൽ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് സന്നിധാനം വരെപോയ ഒരു ഐ എ എസ് ഉദ്യോഗസ്ഥയുണ്ട്. പത്തനംതിട്ട കലക്ടര്‍ ആയിരുന്ന കെ.ബി.വല്‍സല കുമാരി. കോടതി വിധിയുടെ പിന്‍ബലത്തിലായിരുന്നു ശബരിമല യാത്രകളെന്ന് കെ ബി വല്‍സലകുമാരി വിശദമാക്കി.
തീര്‍ഥാടന കാലത്തോടനുബന്ധിച്ച് അടിക്കടി ചേരുന്ന യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് ശബരിമലയില്‍ നേരില്‍ പോയി കാര്യങ്ങള്‍ ചെയ്യണമെന്ന് തീരുമാനിച്ചത്. സ്ത്രീ പ്രവേശനം വിലക്കിയ ഹൈക്കോടതി വിധി അതിനു തടസമായി. ഇതിനിടയില്‍ വിവിധ വകുപ്പുകള്‍ ചെയ്ത കാര്യങ്ങള്‍ അറിയിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം വന്നു. ഇതിന്‍റെ ചുവടു പിടിച്ച് എല്ലാം സഹകരിപ്പിച്ചുകൊണ്ടുപോകേണ്ട ഉദ്യോഗസ്ഥ എന്ന നിലയില്‍ ശബരിമലയില്‍ നേരില്‍ പോകാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. പതിനെട്ടാം പടി ചവിട്ടരുതെന്ന നിബന്ധനയോടെ കോടതി അനുമതി നൽകി.
അനുമതി കിട്ടിയതോടെ ഭീഷണി കത്തുകളും വന്നു തുടങ്ങി. അതിനെയെല്ലാം അവഗണിച്ച് കനത്ത സുരക്ഷയില്‍ ശബരിമലയിലേക്ക് പോയി. ഒരു തവണയല്ല. പല തവണ ശബരിമലയില്‍ എത്തിയെന്നും വല്‍സകുമാരി പറയുന്നു. വൃത്തിഹീനമായ ചുറ്റുപാടായിരുന്നു അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച . കടകളിൽ തോന്നും പോലെയായിരുന്നു വില ഈടാക്കിയിരുന്നത്. ടാപ്പുകളിലെ വെള്ളം പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയുമായിരുന്നുവെന്നും അവര്‍ പറയുന്നു.
ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ ശബരിമല സാനിട്ടേഷൻ സൊസൈറ്റി രൂപീകരിച്ചു. 23 വർഷങ്ങൾക്കിപ്പുറവും ഈ സൊസൈറ്റി ഇന്നും സജീവമാണെന്നും അവര്‍ അഭിമാനത്തോടെ പറയുന്നു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് വല്‍സലകുമാരി. ക്ഷേത്രദര്‍ശനത്തിന് ശരീരവും മനസും ശുദ്ധമായിരുന്നാൽ മതിയെന്നും വല്‍സലകുമാരി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam