
തിരുവനന്തപുരം: ചാരക്കേസിൽ തനിക്കെതിരെ തെളിവുണ്ടെങ്കിൽ സെൻകുമാർ ഹാജരാക്കണമെന്ന് നമ്പി നാരായണൻ. തനിക്കെതിരെയുള്ള തെളിവുകൾ കയ്യിലുണ്ടായിട്ട് അത് മറച്ചുവയ്ക്കുന്നത് കോടതിയലക്ഷ്യമെന്നും നമ്പി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറി'ൽ പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകൾ തന്‍റെ പക്കലുണ്ടെന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി കൂടിയായ സെൻകുമാർ അവകാശപ്പെട്ടിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നമ്പി നാരായണന്‍റെ പ്രതികരണം.
ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ പങ്കെന്തെന്ന് അന്വേഷിക്കാനുള്ള ജുഡീഷ്യൽ അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്ന വെപ്രാളമാണ് സെൻകുമാറിനെന്ന് നമ്പി നാരായണൻ പറഞ്ഞു. താൻ ഒരു കോടി രൂപ ആവശ്യപ്പെട്ട് നൽകിയ മാനനഷ്ടക്കേസിലെ എതിർകക്ഷിയാണ് സെൻകുമാർ. ചാരക്കേസ് പുനരന്വേഷിക്കാൻ സെൻകുമാറിന് അനാവശ്യമായ തിടുക്കമായിരുന്നു.
അമീറുൾ ഇസ്ലാമുമായി താരതമ്യം ചെയ്യപ്പെട്ടത് കേട്ടപ്പോൾ വേദന തോന്നി. അദ്ദേഹത്തിന്‍റെ അതേ ഭാഷയിൽ പ്രതികരിക്കാനില്ല. ഐഎസ്ആർഒ ചാരക്കേസിൽ പങ്കുള്ള ഉദ്യോഗസ്ഥരുടെ പങ്കെന്തെന്നുള്ള അന്വേഷണത്തിനിടെ താൻ മരിച്ചുപോയാൽ ജുഡീഷ്യൽ സമിതി അന്വേഷണം നിർത്തില്ല. ഇതിൽ പങ്കുള്ള സെൻകുമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ അഴിക്കുള്ളിലാകുന്നത് വരെ അന്വേഷണം തുടരുമെന്നും നമ്പി നാരായണൻ വ്യക്തമാക്കി.
നമ്പി നാരായണൻ ന്യൂസ് അവറിൽ സംസാരിക്കുന്നു, വീഡിയോ കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam