വാട്സ് ആപ്പ് ഗ്രൂപ്പില്‍ പരിചയപ്പെട്ട യുവതിയെ നാല്‍പ്പതുകാരന്‍ പീഡിപ്പിച്ചത് ഒന്നര വര്‍ഷം

By Web TeamFirst Published Dec 12, 2018, 10:42 PM IST
Highlights

പട്ടികളെ ഇഷ്ടപ്പെടുന്നവരെ മാത്രം ഉൾപ്പെടുത്തി ഉണ്ടാക്കിയ ഗ്രൂപ്പിൽ നിന്നാണ് സായ്നാഥ് ഷെട്ടിയെ യുവതി പരിചയപ്പെടുന്നത്. ഗ്രൂപ്പിൽ നിന്ന് മാറി ഇരുവരും തമ്മിൽ സ്വകാര്യമായി സംസാരിക്കാൻ തുടങ്ങി. ആ സംസാരം വളർന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. 

മുംബൈ: വാട്സ് ആപ്പ് ഗ്രൂപ്പിൽനിന്ന് പരിചയപ്പെട്ടയാളിൽ നിന്ന് നേരിട്ട ലൈംഗിക പീഡനത്തിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. ഒന്നര വർഷമായി ലൈംഗിക പീഡനത്തിന് ഇരയായ യുവതി ഏഴ് മാസം ഗർഭിണിയാണ്. കേസിൽ നാൽപ്പതുകാരനായ സായ്നാഥ് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാടിലെ ഹിഞ്ചെവാടിയിലാണ് സംഭവം.  

പട്ടികളെ ഇഷ്ടപ്പെടുന്നവരെ മാത്രം ഉൾപ്പെടുത്തി ഉണ്ടാക്കിയ ഗ്രൂപ്പിൽ നിന്നാണ് സായ്നാഥ് ഷെട്ടിയെ യുവതി പരിചയപ്പെടുന്നത്. ഗ്രൂപ്പിൽ നിന്ന് മാറി ഇരുവരും തമ്മിൽ സ്വകാര്യമായി സംസാരിക്കാൻ തുടങ്ങി. ആ സംസാരം വളർന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. പിന്നീട് മെസേജുകൾക്ക് പുറമെ ഇരുവരും വീഡിയോ ചാറ്റിങ്ങും തുടങ്ങി. എന്നാൽ, ആരാണെന്ന് പോലും വ്യക്തമായി അറിയാതെയാണ് യുവതി സായ്നാഥുമായി അടുത്തത്. 

സുഹൃത്തുക്കളായെങ്കിലും ഇരുവരും ഇതുവരെ നേരിൽ കണ്ടിരുന്നില്ല. അങ്ങനെ സായ്നാഥിന്റെ ക്ഷണം സ്വീകരിച്ച് യുവതി ഹോട്ടലിലേക്ക് പോയി. അവിടെവച്ചാണ് സായ്നാഥ് ആദ്യമായി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. തുടർന്ന് പകർത്തിയ അശ്ലീല ചിത്രങ്ങൾ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സായ്നാഥ് യുവതിയെ പല തവണയായി പീഡിപ്പിക്കുകയായിരുന്നു.  

എന്നാൽ, ഒന്നര വർഷം തുടർച്ചയായി നേരിടുന്ന കൊടിയ പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് യുവതി പരാതിയുമായി ഹിഞ്ചെവാടി പൊലീസ് സ്റ്റേഷനിലെത്തിയത്. സായ്നാഥിൽ തനിക്കൊരു കുഞ്ഞ് പിറക്കാൻ പോകുന്ന വിവരവും യുവതി പൊലീസിനോട് പറഞ്ഞു.  വിവാഹിതയായ താൻ പേടി കാരണമാണ് സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്ത് പറയാതിരുന്നത്. കൂടാതെ വിവരം പുറത്തറിയിച്ചാൽ യുവതിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്നും സായ്നാഥ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവിൽ പോയ സായ്നാഥിനുവേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.  

click me!