ശബരിമലയിലെത്തിയ യുവതികള്‍ക്ക് തിരികെ വീടുകളിലെത്താനായില്ല; ഭര്‍ത്താക്കന്മാരും മക്കളും വീടൊഴിഞ്ഞു

By Web TeamFirst Published Jan 3, 2019, 11:28 AM IST
Highlights

'കോടതി വിധിയുമായി ബന്ധപ്പെട്ട് തുല്യതയും സാമൂഹ്യനീതിക്കും വേണ്ടിയാണ് റിസ്ക് എടുത്തത്. ഇപ്പോഴത്തെ വയലന്‍റായ സിറ്റ്വേഷനില്‍ വീണ്ടും റിസ്ക് എടുക്കേണ്ടല്ലോ. മറുവശത്ത് ഒരു എത്തിക്സും ഇല്ലാത്ത ആളുകളാണല്ലോ ഉള്ളത്'- ബിന്ദുവിന്‍റെ ഭര്‍ത്താവ്

കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഇനിയും തിരികെ വീടുകളിലെത്താനായിട്ടില്ല. ജീവന് പോലും ഭീഷണിയുള്ള സാഹചര്യത്തില്‍ ഇവരുടെ മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

മലയിറങ്ങിയ ബിന്ദുവും കനകദുര്‍ഗയും അങ്കമാലിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് അവിടെ നിന്ന് ഇറങ്ങിയ ഇരുവരും വീണ്ടും പോലീസ് സംരക്ഷണം തേടി.  കഴിഞ്ഞ രാത്രിയില്‍ യാത്ര തുടര്‍ന്ന ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റിയിരിക്കുകയാണ്. സമീപ ദിവസങ്ങളിലൊന്നും വീടുകളിലേക്ക് മടങ്ങാനാവില്ല. പ്രതിഷേധക്കാര്‍ വീടുകള്‍ ഉന്നം വച്ചിരിക്കുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശം  പോലീസ് നല്‍കിയിട്ടുണ്ട്.

'കോടതി വിധിയുമായി ബന്ധപ്പെട്ട് തുല്യതയും സാമൂഹ്യനീതിക്കും വേണ്ടിയാണ് റിസ്ക് എടുത്തത്. ഇപ്പോഴത്തെ വയലന്‍റായ സിറ്റ്വേഷനില്‍ വീണ്ടും റിസ്ക് എടുക്കേണ്ടല്ലോ. ഒന്നു രണ്ട് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് വരാമെന്നാണ് കരുതുന്നത്. മറുവശത്ത് ഒരു എത്തിക്സും ഇല്ലാത്ത ആളുകളാണല്ലോ ഉള്ളത്'- ബിന്ദുവിന്‍റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍ പറഞ്ഞു.

സന്നിധാനത്തേക്കുള്ള യാത്രയില്‍  ഭര്‍ത്താവ്  ഹരിഹരനും ബിന്ദുവിനൊപ്പം ഒപ്പമുണ്ടായിരുന്നു. കൊയിലാണ്ടിയിലേക്ക് ഇന്നലെ മടങ്ങാന്‍ നിശ്ചയിച്ച ഹരിഹരന്‍ പ്രതിഷേധം കണക്കിലെടുത്ത് പിന്‍വാങ്ങി. മകളെ ബന്ധുക്കളെ ഏല്‍പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലെ വീട് പോലീസ് കാവലിലാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ കനകദുര്‍ഗയുടെ വീട്ടില്‍  നിന്ന് ഭര‍്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും മാറി നില്‍ക്കുകയാണ്. ഇവരുടെ വീടും പോലീസ് സംരക്ഷണയിലാണ്.

click me!