മോദിക്ക് മാത്രമായൊരു സാധ്യതയില്ല; അടുത്ത പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ച് ബാബാ രാംദേവ്

By Web TeamFirst Published Dec 26, 2018, 1:21 PM IST
Highlights

രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനില്ലെന്നും ആരെയും പിന്തുണയ്ക്കാനും എതിര്‍ക്കാനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരവും രാഷ്ട്രീയപരവുമായ പ്രത്യേക അജണ്ടകളൊന്നും ഞങ്ങള്‍ക്കില്ല. ഇന്ത്യയെ വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ളതോ ആയി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാംദേവ് വ്യക്തമാക്കി

ദില്ലി: രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ബിജെപി സഹയാത്രികനും യോഗ ഗുരുവുമായ ബാബാ രാംദേവ്. ഇന്ത്യന്‍ രാഷ്ട്രീയം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ആര് ഭരിക്കുമെന്നോ ആരാകും അടുത്ത പ്രധാനമന്ത്രിയെന്നോ പറയാനാകില്ല. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാംദേവിന്‍റെ അഭിപ്രായം വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്.

ബിജെപിക്കും മോദിക്കുമൊപ്പം എല്ലാക്കാലത്തും നിലയുറപ്പിച്ചിട്ടുള്ള വ്യക്തിയാണ് രാംദേവ്. അടുത്ത പ്രധാനമന്ത്രി മോദിയാകുമെന്ന ആത്മ വിശ്വാസം യോഗാചാര്യന് പോലും പ്രകടിപ്പിക്കാനാകാത്തത് മോദി വിമര്‍ശകര്‍ ഏറ്റെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ വാര്‍ത്താ എജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഇന്ത്യന്‍ രാഷ്ട്രീയം സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനില്ലെന്നും ആരെയും പിന്തുണയ്ക്കാനും എതിര്‍ക്കാനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരവും രാഷ്ട്രീയപരവുമായ പ്രത്യേക അജണ്ടകളൊന്നും ഞങ്ങള്‍ക്കില്ല. ഇന്ത്യയെ വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ളതോ ആയി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാംദേവ് വ്യക്തമാക്കി. ഇന്ത്യയിലും ലോകത്തും ആത്മീയത പടര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!