പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടുപോയതാര്!!

Published : Feb 05, 2018, 04:01 PM ISTUpdated : Oct 05, 2018, 02:32 AM IST
പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടുപോയതാര്!!

Synopsis

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടുപോയതാര്!!

ത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ കാണാതായിട്ട് രണ്ട് മണിക്കൂറായി.  അവരെ തിരക്കി കുറേപ്പേർ കാടുകയറി. ഉത്തരവാദിത്തപ്പെട്ട മറ്റു ചിലർ വിതുര പൊലീസ് സ്റ്റേഷന് വിവരം കൈമാറി. പൊന്മുടി പാതയിൽ നിന്ന് കല്ലാർ മൊട്ടമൂട് ഊരിലേക്ക് തിരിയുന്ന കാനനപാതയിലെ ചെക്ക് പോസ്റ്റിന് താഴ് വീണു. ഒരൊറ്റ വണ്ടി കാടിറങ്ങരുത്.  വെറുമൊരാളല്ല, ഉയർന്ന സിവിലിയൻ പുരസ്കാരമായ പത്മശ്രീ നൽകി രാജ്യം ആദരിച്ചൊരു വ്യക്തിയാണ് അപ്രത്യക്ഷയായിരിക്കുന്നത്.  അതും പ്രഖ്യാപനം വന്ന് അഞ്ചാം ദിവസം. പുകിലിന് വേറെ വല്ലതും വേണോ.  ഈ പുകിലൊക്കെ നടക്കുന്പോഴും  ഇതൊന്നുമറിയാതെ പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ കാടിന്റെ തണലിൽ സ്വന്തം പാരന്പര്യത്തിന്റെ ഓർമ്മകളിൽ നടക്കുകയാണ്. കൂടെ ഞങ്ങളും.

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടുപോയ കഥ മുഴുവൻ അറിയാൻ  കുറച്ച് ഫ്ലാഷ്ബാക്ക് വേണം. കല്ലാറിന്റെ കാട്ടുമുത്തശ്ശിക്ക് പത്മ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതുമുതലുള്ള ഫ്ലാഷ് ബാക്ക് . പ്രഖ്യാപനം കേട്ടപ്പോഴാണ് ലക്ഷ്മിക്കുട്ടിയമ്മയെയും കൊണ്ട് കാടു കാണണമെന്ന് ആഗ്രഹം ഉദിക്കുന്നത്. ആ സമയത്ത് അത് അത്യാഗ്രഹമാണ്.  ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരുപാട് പരിപാടികൾക്ക് വേണ്ടി നേരത്തെ ലക്ഷ്മിക്കുട്ടിയമ്മ കാട്ടറിവുകൾ പകർന്ന് തന്നിട്ടുണ്ട്.

എന്റെ കേരളമെന്ന പരിപാടിയിൽ തിരുവനന്തപുരത്തിന്റെ ചരിത്രം വരച്ചിട്ട പ്രമുഖരിൽ ഒരാൾ ലക്ഷ്മിക്കുട്ടിയമ്മയാണ്.  കാടിന്റെ രാജാവ് ഞങ്ങളാണെന്ന് അഭിമാനത്തോടെ പറയുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ മുഖം ഒരുപാട് പേരുടെ മനസ്സിൽ അന്നേ ഉറച്ചതാണ്.  എന്റെ കേരളത്തിന്റെ പ്രൊഡ്യൂസർ എം.ജി അനീഷിന് പുള്ളിക്കാരിയെ നല്ല പരിചയവുമുണ്ട്. അങ്ങനെ എംജി അനീഷിനെക്കൊണ്ട് പല തവണ ലക്ഷ്മിക്കുട്ടിയമ്മയെ വിളിപ്പിച്ചു നോക്കി.  എവിടെ കിട്ടാൻ. എംഎൽഎ, രാഷ്ട്രീയ നേതാക്കൾ, പത്രങ്ങൾ ,ചാനലുകൾ അങ്ങനെ ഭയങ്കര ബിസിയാണ്. നേരിട്ട് ഫോണിൽ കിട്ടാൻ രാത്രി ഒൻപതുമണി കഴിഞ്ഞു. ഇന്ന് എന്തൊരു ആളായിരുന്നെന്നാ, ഒന്ന് വെള്ളം കുടിക്കാൻ പോലും സമയം കിട്ടീല്ല, നല്ല പരിചയമുള്ള ആളോടെന്ന പോലെയാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ മറുപടി.

ഞങ്ങൾക്ക് അമ്മയേയും കൊണ്ട് കാടൊക്കെ കാണണം, രാവിലെ  ആറു മണിക്ക് അവിടെ എത്തും , കാടൊക്കെ ഷൂട്ട് ചെയ്യാൻ അമ്മ കൂടെയൊന്ന് വരണം.  ആഗ്രഹം അറിയിച്ചു.  തിരക്കാണ്, അതായിരുന്നു മറുപടി. എന്ന് വന്നാൽ അമ്മയെ കാണാൻ പറ്റും , എന്നായി ഞങ്ങൾ.

നിങ്ങള് തിങ്കളാഴ്ച എങ്ങാനും വന്ന് നോക്ക് .

വന്ന് നോക്കെന്ന ഒറ്റ വാക്കുമതിയായിരുന്നു . തിങ്കളാഴ്ച രാവിലെ നാല് മുപ്പതിന് തന്നെ കാറു പറഞ്ഞു.  സൂര്യൻ മലമുകളിൽ ഉദിച്ചുവരുന്നതുമുതലുള്ള കാടിന്റെ  സൗന്ദര്യം ലക്ഷ്മിക്കുട്ടിയമ്മയ്ക്കൊപ്പം ക്യാമറയിലാക്കണം. അതാണ് ലക്ഷ്യം. കാനൻ 5ഡി മാർക്ക് 3 ക്യാമറയും  ലെൻസുകളും പെട്ടിയിലെടുത്ത് വച്ച് ക്യാമറാമാൻ രാജീവ് സോമശേഖരനും തയ്യാർ. 

ജനുവരി 29 തിങ്കളാഴ്ച രാവിലെ 4.30 ന് മുൻപ് ഞങ്ങൾ രണ്ട് പേരും ഓഫീസിലെത്തി. പക്ഷെ നാലര കഴിഞ്ഞിട്ടും വണ്ടി വന്നില്ല. അഞ്ച് മിനിട്ട് കാത്തു. കാത്തിരിപ്പ് നീണ്ടപ്പോൾ വണ്ടിക്കാരനെ വിളിച്ചു. വിളിച്ചുവിളിച്ചു വണ്ടിയെത്തിയത്  അഞ്ചര മണിക്ക്. വണ്ടിയും കൊണ്ട് വന്ന ഡ്രൈവറിന്റെ തലയ്ക്കിട്ടൊന്ന് കൊടുക്കണമെന്ന് കരുതിയതാണ്.

ചേട്ടാ ഞാനല്ല വരേണ്ടത്, വണ്ടിയും കൊണ്ട് വരേണ്ടവൻ അടിച്ച് ഓഫായി എണീക്കാൻ പോലും പറ്റാതെ അവിടെ കിടപ്പുണ്ട്.  വേറൊരുത്തന്റെ കൃത്യവിലോപത്തിന് അഞ്ച് മണിക്ക് തന്നെ ഉറക്കമുണർന്ന് വരേണ്ടി വന്ന ഡ്രൈവർ നിസ്സഹായത അറിയിച്ചു .

എങ്ങനെ പേയാലും വെളിച്ചം വീഴുന്നതിന് മുന്പ് കല്ലാറെത്തില്ല. എല്ലാ പ്ലാനിംഗും തകിടം മറിഞ്ഞ നിരാശയിൽ ഞങ്ങൾ യാത്ര തുടങ്ങി. നെടുമങ്ങാട് കടന്നപ്പോൾ തന്നെ ഇരുൾ പതിയെ നീങ്ങി വെളിച്ചം വരവ് പ്രഖ്യാപിച്ചു തുടങ്ങി. വിതുരയിൽ നേരം പരപരാന്ന് വെളുത്തു. നല്ല ഹൈലൈറ്റ് ചെയ്തൊരു ഷൂട്ടിംഗ് ഫ്ലോറുപോലെ കിടക്കുന്ന കാട്ടിലേക്കാണ് ചെന്ന് കയറിയത്. വരാൻ താമസിച്ചതെന്തെന്നൊന്നും ലക്ഷ്മിക്കുട്ടിയമ്മ ചോദിച്ചില്ല.  ഞങ്ങളോടൊപ്പം വന്നു. നടത്തത്തിനിടയിൽ കാട് ഭരിച്ചിരുന്ന മുത്തശ്ശന്റെ കഥയും നാടു ഭരിച്ചിരുന്ന നാട്ടരചന്റെ കഥയും പറയുന്നുണ്ട്.   

കാടാണെങ്കിലും അവിടവിടെ കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളുണ്ട്. അതിലൊരു വീടീന്റെ മുകളിലേക്കാണ് അമ്മ ആദ്യം കയറിപ്പോയത്. ദൂരെ മലമുകളിലേക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു , ബാല സൂര്യോദയം . 

വെളിച്ചം വീണ കാട്ടിൽ നിന്ന് കിട്ടില്ലെന്ന് കരുതിയൊരു ദൃശ്യം തെളിഞ്ഞു വരികയാണ്. കിഴക്ക് മലമുകളിൽ നിന്ന് സൂര്യൻ ഉദിച്ചുയരുന്നു. ദിനകരായ ഭാസ്കരായ ജ്യോതി സ്വരൂപായ സൂര്യനാരായണ ദേവായ നമോനമ. നല്ല സംസ്കൃത നാമങ്ങൾ കൊണ്ട് കാട്ടുമുത്തശ്ശി സൂര്യദേവനെ വന്ദിക്കുന്നു.  ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് വായിച്ചറിഞ്ഞതുകൊണ്ട് സംസ്കൃതം കേട്ട് ഞെട്ടിയില്ല. സംസ്കൃതമല്ല, ഇംഗ്ലീഷ് വരെ പ്രതീക്ഷിച്ചതാണ്. കിട്ടിയ സമയം കൊണ്ട് ആകുന്നതുപോലെ അതൊക്കെ രാജീവ് ക്യാമറയിൽ പകർത്തി. വലിയൊരു റബ്ബർ കാടിന്റെ നടുവിലാണ് ഞങ്ങൾ നിൽക്കുന്ന വീട്. മകന്റെ പേരിലുള്ള വീടാണെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.

ഇല പൊഴിഞ്ഞു നിൽക്കുന്ന റബ്ബർ മരങ്ങളല്ലാതെ കാടെവിടെയെന്ന ചോദ്യത്തിന് അക്കാണുന്നതല്ലേ കാടെന്നായി ലക്ഷ്മിക്കുട്ടിയമ്മ. പക്ഷെ തത്കാലം കാട്ടിൽ വരാൻ പറ്റില്ല. എട്ട് മണിക്ക് ചായം അന്പലത്തിലെ പൊങ്കാലയ്ക്ക് പോകാമെന്ന് ഏറ്റിട്ടുണ്ട് . വണ്ടി ഇപ്പൊ വരും.

അങ്ങനെ ലക്ഷ്മിക്കുട്ടിയമ്മയുമായി കാടു കാണാമെന്ന മോഹം ടമാർപടാർ.

ഉച്ചകഴിഞ്ഞാണെങ്കിൽ ഞാൻ വരാം .....

 അത് കേട്ടപ്പോഴാണ് ആശ്വാസമായത്.  ലക്ഷ്മിക്കുട്ടിയമ്മയ്ക്കൊപ്പം ഞങ്ങളും ചായത്തേക്ക് വച്ചുപിടിച്ചു.  എല്ലായിടത്തും ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് താരപരിവേഷമാണ്. കുട്ടികൾ, സ്ത്രീകൾ  , അന്പലക്കമ്മിറ്റിക്കാർ, പൊലീസുകാർ എല്ലാവരും വന്ന് കുശലങ്ങൾ ചോദിച്ചിക്കുന്നു, സന്തോഷം പങ്കിടുന്നു,  സെൽഫിയെടുക്കുന്നു.  ഒരു പത്മശ്രീയെ അടുത്ത് കിട്ടിയിട്ട് സെൽഫിയെടുക്കാതെ വിടുന്നത് എന്തൊരു മണ്ടത്തരമാണ്.  ഈ പത്മശ്രീ ഒരു സംഭവം തന്നാണ്. ചുമ്മാതാണോ ഒന്ന് സംഘടിപ്പിക്കാൻ അരിപ്രാഞ്ചി നല്ല തുട്ടെറിഞ്ഞത്.

ചായത്തെ ആരവും ആഘോഷവുമൊക്കെ കഴിഞ്ഞ് ആർക്കും വിട്ടുകൊടുക്കാതെ ലക്ഷ്മിക്കുട്ടിയമ്മയെ ഞങ്ങൾ തന്നെ വീട്ടിലെത്തിച്ചു. ഉച്ചയോട് അടുത്ത സമയത്തും അമ്മയെ കാണാൻ കുറച്ചുപേർ വന്നിട്ടുണ്ട്. എല്ലാവർക്കും ലക്ഷ്മിക്കുട്ടിയമ്മയുടെ മരുന്ന് വേണം.  ഭാര്യക്ക് നടുവേദന, ചേച്ചിക്ക് വെരിക്കോസ് അങ്ങനെ ദീനങ്ങൾ പലതാണ്. ഇടതടവില്ലാതെ ശബ്ദിക്കുന്ന ഫോൺ. എല്ലാത്തിനും ലക്ഷ്മിക്കുട്ടിയമ്മയുടെ പാരന്പര്യവൈദ്യത്തിൽ ഒറ്റമൂലിയുണ്ട്. അത് കിട്ടുന്നത് കാട്ടിൽ നിന്നാണ്. ആ കാട്ടിലേക്ക് വേണം ലക്ഷ്മിക്കുട്ടിയമ്മയെ ഞങ്ങൾക്ക് കൊണ്ടുപോകാൻ. അമ്മയറിയുന്ന കാടകത്തെ ഞങ്ങൾക്കും അറിയണം. നാട്ടാരെ അറിയിക്കുകയും വേണം.  നിന്നുനിന്ന് കാലിന് വേര് വരുമെന്ന് തോന്നിപ്പോയി. ഒടുവിൽ ഞങ്ങളോട് അമ്മയ്ക്ക് തന്നെ വല്ലാത്ത സഹതാപമായി. പിള്ളേര് വന്നിട്ട് കുറേ നേരമായി , ഞാൻ അവരോടൊന്ന് പോയിട്ട് വരട്ടെ. ആ മനസ്സിൽ ഒരു മുത്തശ്ശിയുടെ വാത്സല്യം തല ഉയർത്തുകയായിരുന്നു.  

ഉച്ചവെയിലിൽ കുളിച്ചു നിൽക്കുന്ന കാട്ടിൽ തലയിലൊരു മുണ്ടിട്ട് അവർ നടന്നുനീങ്ങി. കൂടെ ക്യാമറാമാനും ഡ്രൈവറും ഞാനും.  ഇടതടവില്ലാതെ ഒഴുകുന്ന അറിവുകളിൽ അഗസ്ത്യന്റെ സിദ്ധവൈദ്യം  തൊട്ട് അലോപ്പതിവരെയുണ്ട്. അലോപ്പതിക്കാരും ഞങ്ങളും വഴക്കാണെന്ന് പറയുന്പോഴും അതിനെ തള്ളിപ്പറയാൻ അവർ ഒരുക്കമല്ല. നിബിഡവനം പോലെ നടന്നു നീങ്ങുകയാണ് 73 വയസ്സുള്ള ലക്ഷ്മിക്കുട്ടിയമ്മയെന്ന കാട്ടുമുത്തശ്ശി. സോറിയാസിസിന് മരുന്നുണ്ടാക്കുന്ന ഗന്ധപ്പാല, കാട്ടിലെ തണ്ണീർപന്തലായ കാട്ടുപുല്ലാന്നി എത്രയെത്ത ഔഷധങ്ങൾ.  ഇതിനിടയിൽ എപ്പോഴോ ലക്ഷ്മിക്കുട്ടിയമ്മയുടെ മൊബൈൽ ഫോൺ ചാർജ് തീർന്ന് ഓഫായിരുന്നു.

കാട് കയറി അങ്ങനെ പോകുന്നതിനിടയിൽ ലക്ഷ്മിക്കുട്ടിയമ്മയും ഞങ്ങളോട് ഒരു ആഗ്രഹം പറഞ്ഞു. ഇത്തിരി കൂടി പോയാൽ  കല്ലാറായി. കല്ലാറിൽ വഞ്ചിപ്പാറയ്ക്ക് സമീപം പാലം കെട്ടാൻ പണ്ടൊരു പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതി നടന്നില്ല. അത് നടന്നാൽ ഊരിലേക്കുള്ള ദൂരം അഞ്ച് കിലോമീറ്റർ വരെ കുറയും. ഒരുപാട് പേർക്ക് ഗുണമാകും. സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ പോയതുകൊണ്ടാണ് തനിക്ക് ഒരു മകനെ നഷ്ടമായത്. ഇനിയാർക്കും ആ ഗതി വരരുത് . നിങ്ങൾ അതൊന്ന് റിപ്പോർട്ട് ചെയ്യണം.

അങ്ങനെ ഞങ്ങൾ തെളീനിരൊഴുകുന്ന കല്ലാറിലെത്തി. നല്ല തണുത്ത വെള്ളത്തിൽ കാൽ താഴ്ത്തി പാറപ്പുറത്തിരുന്ന്  പാലത്തെക്കുറിച്ച് അവർ പറഞ്ഞു. ആ സംസാരം കല്ലാറിന്റെ ഉദ്ഭവ സ്ഥാനമായ പുല്ലാഞ്ചി മലയിലേക്കും പൊന്മുടി തേവർ കാവൽ നിൽക്കുന്ന പൊന്നുമുടിയിലേക്കും കയറിയിറങ്ങിപ്പോയി.  കല്ലാറിൽ നിന്ന് മടങ്ങുന്പോൾ  നടന്നത്  എത്ര ദൂരമെന്ന് അറിഞ്ഞില്ല . സമയവും അറിഞ്ഞില്ല.കാടിനെ ജീവനോളം സ്നേഹിക്കുന്ന ഒരു ജനത കരുതിവച്ച അറിവുകൾ ഉള്ളിൽ നിറയുകയായിരുന്നു .  പക്ഷെ സ്വിച്ച് ഓഫ് ആയ ലക്ഷ്മിക്കുട്ടിയമ്മയുടെ മൊബൈലിലേക്ക് ഈ സമയം തുരുതുരാ വിളികൾ വന്നിരുന്നു.  ലക്ഷ്മിക്കുട്ടിയമ്മയെ ഫോൺ വിളിച്ചിട്ട് രണ്ട് മണിക്കൂറായി കിട്ടുന്നില്ല. കൂടെ പേയവരുടെ നന്പരിന് റെയ്ഞ്ചും ഇല്ല. പിന്നെ കഥകളുയരാൻ അധികനേരം വേണ്ടിവന്നില്ല.  പത്മശ്രീ കിട്ടിയ ലക്ഷ്മിക്കുട്ടിയമ്മയെ ആരോ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നായി കഥ. പിന്നെ ഉണ്ടായ പുകിലുകളാണ് ആദ്യം വിവരിച്ചത്.

 എന്റെ മൊബൈൽ ഫോണേ, നീ ഒരു ഭയങ്കര സംഭവമാണ്. നീ ഇത്തിരി നേരം ഓഫായാലോ റെയ്ഞ്ച് വിട്ടാലോ ആൾക്കാർക്ക് ഭയമാണ്. നീ കാതോരത്തില്ലാതെ ഇത്തിരി നേരം പോലും ജീവിക്കാൻ വയ്യെന്നതാണവസ്ഥ. അത് കാടായാലും നാടായാലും കണക്കാണ്.

. ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടുപോയതിനുള്ള നാട്ടുകാരുടെ ശകാരം മുഴുവൻ കേട്ട് കാടിറങ്ങുന്പോഴുണ്ട് ലക്ഷ്മിക്കുട്ടിയമ്മയെ കാണാൻ വന്നവരുടെ വണ്ടി തലകിഴായി മറിഞ്ഞുകിടക്കുന്നു. ഡ്രൈവറുടെ കൈ ഒടിഞ്ഞതൊഴിച്ചാൽ മറ്റാർക്കും വലിയ പരിക്കില്ല.  പരിക്കേറ്റയാളെ വിതുര ആശുപത്രിയിലെത്തിച്ച ശേഷം പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. സാർ ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടുപോയ ആ പ്രതികൾ ഞങ്ങളാണ്. ഞങ്ങളിവിടെ നിരുപാധികം കീഴടങ്ങുന്നു.

അപ്പോൾ മനസ്സിൽ നിറഞ്ഞുവന്ന ഒരു രൂപമുണ്ട് . രാവിലെ നലരയ്ക്ക് വരുമെന്ന് മോഹനവാഗ്ദാനം തന്ന് ഫുള്ളടിച്ചുറങ്ങിയ മഹാനായ ഡ്രൈവറുടെ മുഖം. അവൻ കൃത്യസമയത്ത് വന്നിരുന്നെങ്കിൽ  ഇങ്ങനൊരു നിരുപാധിക കീഴടങ്ങലിന് പൊലീസ് സ്റ്റേഷൻ കയറേണ്ടിവരുമായിരുന്നില്ല.  മദ്യം വിഷമാണ്, അതുണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്തെ പുതിയ ബാറിലെ ജീവനക്കാരിയെ ജോലിസ്ഥലത്തും വീട്ടിലുമെത്തി അഭിഭാഷകനും സുഹൃത്തും ശല്യം ചെയ്തു, റിമാൻഡിൽ
നടിയെ ആക്രമിച്ച കേസ്: 'കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞു'; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്