ശബരിമല വിധി: സര്‍ക്കാര്‍ സമവായത്തിന്; സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച

By Web TeamFirst Published Nov 13, 2018, 6:36 PM IST
Highlights

വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം നടക്കും. മണ്ഡല-മകരവിളക്ക് കാലം സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. അതിന് മുമ്പേ, വിവിധ രാഷ്ട്രീയപാർട്ടികളുമായി സമവായമുണ്ടാക്കാനാണ് നീക്കം. 

തിരുവനന്തപുരം: ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം നടക്കും. കോടതി വിധി നടപ്പിലാക്കാനാണ് ഇന്ന് ഉത്തരവ് വന്നതെങ്കില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതിന് ശേഷം മാത്രമേ മുന്നോട്ട് പോകാവു എന്ന ധാരണയുണ്ടായിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ച് ഇന്ന് ഉത്തരവിട്ടത്. എന്നാല്‍ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.

നേരത്തെ ശബരിമലയിലെ സുപ്രീംകോടതി വിധിയിൽ സമവായത്തിനായി തന്ത്രി, രാജ കുടുംബങ്ങളുമായി സർക്കാർ സമവായചർച്ച നടത്താൻ വിളിച്ചിരുന്നെങ്കിലും അവർ എത്തിയിരുന്നില്ല. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ ഇന്നലെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. സര്‍വ്വകക്ഷി യോഗം വിളിക്കുന്നതില്‍ സന്തോഷമുണ്ട്. ഇതിന് മുന്‍കൈ എടുക്കുന്നവരെ അഭിനന്ദിക്കുകയാണ്. സര്‍ക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും പദ്‍മകുമാർ അറിയിച്ചിരുന്നു.

click me!