'എന്തിനാണിനിയും വന്നത്? ഞങ്ങടെ കുഞ്ഞ്യേളെ കൊല്ലാനോ?': സിപിഎം നേതാക്കൾക്കെതിരെ കല്യോട്ടെ സ്ത്രീകൾ

By Web TeamFirst Published Feb 23, 2019, 11:19 AM IST
Highlights

ഇരട്ടക്കൊലപാതകത്തിന് ശേഷം കാസർകോട് കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീട് സന്ദർശിക്കാനെത്തിയ നേതാക്കളോടായിരുന്നു സ്ത്രീകളുടെ രോഷപ്രകടനം.

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിനടുത്ത് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സ്ഥലത്തെ സ്ത്രീകളുടെ രോഷപ്രകടനം. ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരന്‍റെ വീടും പെരിയയ്ക്ക് അടുത്തുള്ള കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീടും പി കരുണാകരനുൾപ്പടെയുള്ള സിപിഎം നേതാക്കൾ സന്ദർശിച്ചു. തുടർന്ന് സ്ഥലത്തെ പാർട്ടി ഓഫീസ് കൂടി സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു സ്ത്രീകൾ പ്രതിഷേധിച്ചത്.

''എന്തിനാണ് ഇപ്പോ ഇവര് ഇങ്ങോട്ട് വന്നത്? കുഴിമാടം മാന്താനോ? ഞങ്ങടെ ഇവിടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച് കിട്ട്വോ? പിന്നെന്തിന് ഇങ്ങോട്ട് വന്നു? സമാധാനം പറയാനാണെങ്കി ഇപ്പഴാണോ വരണ്ടത്? ഇതിന് മുമ്പ് സമയമില്ലേ?'' സിപിഎം നേതാക്കളുടെ സന്ദർശനവിവരമറിഞ്ഞ‌് സ്ഥലത്തെത്തിയ സ്ത്രീകൾ ചോദിക്കുന്നു. 

സ്ത്രീകളുടെ പ്രതിഷേധം - വീഡിയോ ചുവടെ:

സിപിഎം നേതാക്കൾ സ്ഥലത്തെത്തുമെന്ന് അറിഞ്ഞത് മുതൽ കല്യോട്ട് പ്രതിഷേധം തുടങ്ങിയിരുന്നു. എംപി പി കരുണാകരൻ ഉൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. 

കല്യോട് ജംഗ്ഷനിൽ രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കൾ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. സിപിഎം നേതാക്കൾ കല്യോട് ജംഗ്ഷനിലെത്തിയതോടെ കുപിതരായ കോൺഗ്രസ് പ്രവർത്തക‌ർ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. 

click me!