മത്സരിക്കണമെന്ന് മുറവിളി; പിടികൊടുക്കാതെ ഉമ്മൻചാണ്ടി

By Ajitha C PFirst Published Jan 23, 2019, 1:08 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറയുന്പോൾ ഉമ്മൻചാണ്ടി എന്ത് പറയും ? കോട്ടയം വിട്ടുകൊടുക്കാൻ കേരളാ കോൺഗ്രസ് തയ്യാറാകുമോ ?
 

തിരുവനന്തപുരം: ലോക്സഭാ സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടി വരണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്പോൾ എല്ലാ കണ്ണുകളും ഉമ്മൻചാണ്ടിയിലേക്കാണ്. ജയസാധ്യത കണക്കിലെടുത്ത് സ്ഥാനാർത്ഥി നിർണ്ണയം നടത്തുമെന്നും വിജയസാധ്യത മാത്രമാകും മാനദണ്ഡമെന്നുമാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ വ്യക്തമാക്കുന്നത്. ഏതു സീറ്റും ഉമ്മൻചാണ്ടിക്ക് നൽകാൻ ഒരുക്കമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുമുണ്ട്. പരസ്യ പ്രതികരണത്തിന് പക്ഷെ ഉമ്മൻചാണ്ടി തയ്യാറായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാൻ ഉമ്മൻചാണ്ടിക്ക്  താൽപര്യമില്ലെന്ന സൂചനയാണ് വിശ്വസ്ഥർ പങ്കുവയ്ക്കുന്നത്. 

കോട്ടയം വച്ചുമാറാൻ നിർബന്ധിക്കില്ലെന്ന് താൻ കൂടി ഇരുന്ന യോഗത്തിലാണ് കേരളാ കോൺഗ്രസിന് ഉറപ്പ് കൊടുത്തതെന്നും അതുകൊണ്ടുതന്നെ കോട്ടയത്ത് മത്സരിക്കുന്നതിൽ ധാർമ്മിക പ്രശ്നമുണ്ടെന്നുമാണ് ഉമ്മൻചാണ്ടിയുടെ നിലപാട്. മാത്രമല്ല സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് കൊടുക്കുന്നതിനോട് യോജിപ്പില്ലെന്ന് പാർട്ടി വേദിയിൽ നിലപാടെടുത്തിട്ടുമുണ്ട്. ഇത്തരം സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടി മത്സരിക്കുന്നതിന് വിസമ്മതം അറിയിച്ചിട്ടുണ്ടെന്ന സൂചനയും ഉമ്മൻചാണ്ടിയോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം രാഹുൽഗാന്ധി ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്നതടക്കം പരിഗണിച്ചാകും മത്സര തീരുമാനമെന്നാണ് വിവരം. ഹൈക്കമാന്റ് നിർബന്ധം പിടിച്ചാൽ ഉമ്മൻചാണ്ടിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. 

എന്നാൽ നിലവിലെ സാഹചര്യത്തിൽ കോട്ടയത്ത് ഉമ്മൻചാണ്ടിയോളം വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥിയും ഇല്ലെന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. സീറ്റ് കേരളാ കോൺഗ്രസിന്റെ കയ്യിലാണെങ്കിലും ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതോടെ വിജയസാധ്യതയുള്ള മത്സരാർത്ഥികൾ കേരളാ കോൺഗ്രസിന് ഇല്ലെന്ന വിലയിരുത്തലും കോൺഗ്രസ് നേതൃത്വത്തിനുണ്ട് . നിഷാ ജോസ് കെ മാണിയുടെ പേര് തുടക്കത്തിൽ പറഞ്ഞു കേട്ടെങ്കിലും വിജയസാധ്യത ഇല്ലെന്ന് വിലയിരുത്തലിൽ ഇക്കാര്യം ജോസ് കെ മാണി തന്നെ നിഷേധിച്ചു. പിന്നെ പരിഗണന മോൻസ് ജോസഫിനെയാണ്. സിറ്റിംഗ് എംഎൽഎ മത്സരിക്കില്ലെന്ന നിലപാട് കേരളാ കോൺഗ്രസ് ഇതുവരെ കൈക്കൊണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ മോൻസിന് മത്സരിക്കാൻ നിലവിൽ തടസമൊന്നും ഇല്ല, തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്ജ്,ജോയ് എബ്രഹാം , ജോസഫ് എം പുതുശ്ശേരി തുടങ്ങി പ്രിൻസ് ലൂക്കോസ് വരെ കോട്ടയത്ത് കണ്ണുവച്ച് പട്ടികയിലുണ്ട്. പതിവു പോലെ ആരെയും കെഎം മാണി നിരുൽസാഹപ്പെടുത്തുന്നുമില്ല . 

ഉമ്മൻചാണ്ടി മത്സരിക്കാനുറച്ചാൽ അതെവിടെ? കോട്ടയം പരിഗണനാ പട്ടികയിൽ വന്നാൽ കേരളാ കോൺഗ്രസ് എന്ത് പറയും ?ശബരിമല വിഷയത്തിലടക്കം ബിജെപി ഉണ്ടാക്കിയ മേൽക്കൈ ഉമ്മൻചാണ്ടിയെ പോലുള്ളവരുടെ സ്ഥാനാർത്ഥിത്വത്തിലൂടെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലേ ? സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻചാണ്ടിയെ തുരത്താൻ ആസൂത്രിത നീക്കമുണ്ടോ? മത്സരിച്ച് ജയിച്ച് കയറിയാൽ മാറിവരുന്ന ദേശീയ രാഷ്ട്രീയ സാഹചര്യം ഉമ്മൻചാണ്ടിക്ക് ഏറെ ഗുണകരമാകില്ലെ ? ഉമ്മൻചാണ്ടി മത്സരിച്ചാലും ഇല്ലെങ്കിലും വരും ദിവസങ്ങളിലെ വലത് രാഷ്ട്രീയം ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ചർച്ചചെയ്യുമെന്ന് ഉറപ്പാണ് 

click me!