
സൊഹ്റ ഇന്ന് കാശ്മീർ താഴ്‌വരയുടെ കണ്ണീർ ചിത്രമാണ്. കളിചിരികൾ പൂക്കേണ്ട ആ കവിളിലൂടെ പൊഴിഞ്ഞു വീഴുന്നത് സങ്കടത്തിൻ്റെ പെരുമഴയാണ്. ഇരുകൈകളിലും മൈലാഞ്ചിയണിഞ്ഞ ആ എട്ട് വയസുകാരി സുന്ദരിയുടെ മനോഹരമായ കണ്ണുകളിൽ കണ്ണീർ പൊടിയുന്ന ചിത്രം ആരുടെയും കണ്ണ് നനയ്ക്കും. പിതാവിൻ്റെ വിയോഗത്തിൽ പൊട്ടിക്കരയുന്ന സൊഹ്റയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.
അനന്ത്നാഗിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഓഫീസർ അബ്ദുൽ റാഷിദ് പീറിൻ്റെ മകൾ സോഹറയുടെ ചിത്രമാണ് കാണുന്നവർക്ക് അകം പൊള്ളുന്ന കാഴ്ചയാകുന്നത് . "ഐ മിസ്സ് മൈ പപ്പാ, ഞാൻ വലുതാകുമ്പോൾ ഡോക്ടർ ആകും', പൊട്ടികരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. തേങ്ങിക്കരഞ്ഞുകൊണ്ട് കാഴ്ചക്കാർക്ക് നേരെ സങ്കടചോദ്യമായി നിൽക്കുന്ന സൊഹ്റയുടെ ചിത്രം തെക്കൻ കാശ്മീർ പോലീസ് ഡിഐജിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഡിഐജി ഇങ്ങനെ കുറിച്ചു,' നിൻ്റെ കണ്ണുനീർ ഞങ്ങളുടെ ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. രാജ്യത്തിന് വേണ്ടി നിൻ്റെ പിതാവ് ചെയ്ത ത്യാഗം എന്നും സ്മരിക്കപ്പെടും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ മാത്രം നിനക്ക് പ്രായമായിട്ടില്ല. നിൻ്റെ ഓരോ തുള്ളി കണ്ണുനീരും ഞങ്ങളുടെ ഹൃദയത്തെ പൊള്ളിക്കുന്നു. സേവനത്തിനിടെ ജീവൻ വെടിഞ്ഞവരുടെ ദു:ഖം സഹിക്കാനും രാജ്യത്തിനായി പ്രവർത്തിക്കാനുമുളള ശക്തിയും ദൈവം നമ്മുക്ക് തരട്ടെ".
കാശ്മീരിലെ അനന്ത്നാഗിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അബ്ദുൽ റാഷിദിന് നേരെ തീവ്രവാദികൾ വെടിയുതിർത്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. കനത്ത സുരക്ഷയാണ് ജമ്മു കാശ്മീരിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam