മൊബൈലിന്‍റെ പാസ്സ്‌വേര്‍ഡ് നല്‍കിയില്ല; ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന് ഭാര്യ

By Web TeamFirst Published Jan 19, 2019, 12:10 AM IST
Highlights

വീടിന്‍റെ ഓടുകള്‍ ശരിയാക്കുകയായിരുന്ന  ഡിദീയോട് ഫോണിന്‍റെ പാസ്സ്‌വേര്‍ഡ്ചോദിക്കുകയായിരുന്നു ഭാര്യ. എന്നാല്‍ അയാള്‍ ഇത് പറഞ്ഞ് കൊടുക്കാത്തതോടെ ഭാര്യ ക്ഷുഭിതയായി. ഇത് രൂക്ഷമായ വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചു

ജക്കാര്‍ത്ത: മൊബൈലിന്‍റെ പാസ്സ്‌വേര്‍ഡ് നല്‍കാത്തതിനാല്‍ ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി ഭാര്യ. ഇന്തോനേഷ്യയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രദേശിക മാധ്യമങ്ങളിലെ വിവരങ്ങള്‍ പ്രകാരം ഡിദീ പൂര്‍ണമ എന്ന 26 വയസുകാരനെയാണ് ഭാര്യ യ്ഹാം ചെയ്നി എന്ന 25 വയസുകാരി അഗ്നിക്ക് ഇരയാക്കിയത്. ഇന്തോനേഷ്യയിലെ വെസ്റ്റ് ന്യൂസ് ടെന്‍ഗാറ പ്രൊവിൻസിലെ  ഈസ്റ്റ് ലോംബോക്കിലാണ് സംഭവം നടന്നത്.

വീടിന്‍റെ ഓടുകള്‍ ശരിയാക്കുകയായിരുന്ന  ഡിദീയോട് ഫോണിന്‍റെ പാസ്സ്‌വേര്‍ഡ് ചോദിക്കുകയായിരുന്നു ഭാര്യ. എന്നാല്‍ അയാള്‍ ഇത് പറഞ്ഞ് കൊടുക്കാത്തതോടെ ഭാര്യ ക്ഷുഭിതയായി. ഇത് രൂക്ഷമായ വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചു. പെട്ടെന്നുള്ള ദേഷ്യത്തില്‍ ഡിദീയെ ഭാര്യ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ഇയാള്‍ രണ്ട് ദിവസം കഴിഞ്ഞാണ് മരണപ്പെട്ടത്.

ജനുവരി 12 തീയതിയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് യ്ഹാം ചെയ്നിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, തര്‍ക്കം മുറുകിയപ്പോള്‍ ഓടുവയ്ക്കുന്ന ഇടത്തുനിന്നും താഴോട്ട് ഇറങ്ങിയ ഡിദീ ഭാര്യ തല്ലി. ഇതോടെ അടുത്തുണ്ടായിരുന്ന പെട്രോള്‍ ക്യാന്‍ എടുത്ത് ഭാര്യ ഭര്‍ത്താവിന്‍റെ മുകളില്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഭാര്യ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ ഇവര്‍ക്കെതിരെ എന്തെല്ലാം ചാര്‍ജ് ചുമത്തണം എന്ന കാര്യം തീരുമാനിക്കൂ എന്നാണ് പൊലീസ് പറയുന്നത്.

click me!