
കാസർഗോഡ്: വിവാഹസത്കാരത്തിനിടെ വയോധികയുടെ സ്വർണ്ണമാല കവരുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ചെമ്മട്ടംവയല്‍ സ്വദേശി കമലാക്ഷിയുടെ നാല് പവൻ വരുന്ന മാലയാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊട്ടിച്ചെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച കാഞ്ഞങ്ങാട് ഐങ്ങോത്തെ ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവം. സദ്യകഴിഞ്ഞ് കൈകഴുകുന്നതിനിടെ രണ്ട് സ്ത്രീകൾ ചേർന്ന് വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. നീല സാരിയും പച്ചയും വെള്ളയും കലർന്ന ചുരിദാറും ധരിച്ചെത്തിയവരാണ് മോഷണം നടത്തുന്നത്. നേരത്തെ തന്നെ വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റൊറിയത്തിലെത്തിയ ഇവർ പരിസരം നിരീക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കൈകഴുകുന്ന സ്ഥലം പരിശോധിച്ച സംഘം തിരികെ എത്തിയാണ് മാല കവരുന്നത്. കമലാക്ഷി കൈകഴുകാന്‍ എത്തിയപ്പോൾ ചൂരിദാര്‍ ധരിച്ച സ്ത്രീ അവരോട് ചേര്‍ന്ന് നിന്ന് തിക്കി തിരക്കുന്നു. ഇതിനിടയിൽ പിറകിലൂടെ വന്ന നീല സാരിധരിച്ച സ്ത്രീയാണ് മാലപൊട്ടിച്ചെടുക്കുന്നത്. സാരി കൊണ്ട് കൈ മൂടിവെച്ചാണ് മാല പൊട്ടിക്കുന്നത്. പിന്നീട് ഇവർ പടികയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
മാല നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പിറകിൽ തമിഴ്നാട് സ്വദേശികളാണെന്നാണ് സംശയം. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam