ജീവിതം തട്ടിയെടുത്തു; ജീവന്‍ തിരിച്ചുതന്നു...

By Web TeamFirst Published Dec 25, 2018, 4:50 PM IST
Highlights

ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകളും ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും ഇഫാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നീയില്ലാതെ എനിക്കെങ്ങനെ ജീവിക്കാനാകുമെന്ന് വേദനയോടെ എഴുതി

ജക്കാര്‍ത്ത: സുനാമി ആഞ്ഞടിച്ച ഇന്തോനേഷ്യയില്‍ നിന്ന് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ഒരു ദൃശ്യം പുറത്തുവന്നിരുന്നു. ലൈവായി സംഗീത പരിപാടി നടക്കുന്നതിനിടെ ഭീമന്‍ തിരമാലകള്‍ വേദിയെ ഒന്നാകെ വിഴുങ്ങുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. 'സെവന്റീന്‍' എന്ന പ്രമുഖ ഇന്തോനേഷ്യന്‍ ബാന്റായിരുന്നു അന്ന് ആ വേദിയില്‍ പാടിയിരുന്നത്. 

ബാന്റിലെ പ്രധാന ഗായകനായ ഇഫാന്‍ എന്ന റെയ്ഫിയാന്‍ ഭാര്യ ദിലന്‍ സഹാറയ്‌ക്കൊപ്പമായിരുന്നു അന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. നടിയും ടിവി അവതാരകയുമായിരുന്നു ദിലന്‍. ആ വൈകുന്നേരം തന്റെ ജീവിതം തന്നെ മാറിമറിയുമെന്ന് ഒരിക്കലും ഇഫാന്‍ കരുതിയിരുന്നില്ല. 

അപ്രതീക്ഷിതമായിട്ടായിരുന്നു, കൂറ്റന്‍ തിരകള്‍ ആഞ്ഞടിച്ചെത്തിയത്. സുന്ദ സ്‌ട്രെയ്റ്റില്‍ ബീച്ചിന് തൊട്ടടുത്തായി ഒരുക്കിയ വേദിയില്‍ 'സെവന്റീന്‍' ആവേശകരമായ പ്രകടനത്തിലായിരുന്നു. തിരകള്‍ വേദിയും പരിസരവുമെല്ലാം പൂര്‍ണ്ണമായും വിഴുങ്ങി. 

സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരെല്ലാം അപകടത്തില്‍ പെട്ടുവെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ചയോടെയാണ് ദിലന്റെ മൃതദേഹം ഒരു ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയത്. ബാന്‍ഡില്‍ ഇഫാന്‍ ഒഴികെയുള്ള മൂന്ന് പേരുടെയും ജീവന്‍ ദുരന്തത്തില്‍ നഷ്ടമായി.

സമൂഹമാധ്യമങ്ങള്‍ വഴി ഇഫാന് നൂറുകണക്കിന് അനുശോചന സന്ദേശങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ആരാധകരുടെ സന്ദേശങ്ങള്‍ക്ക് ഇഫാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ മറുപടിയും നല്‍കി. 

'നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദിലന് വേണ്ടി ഇനിയും പ്രാര്‍ത്ഥിക്കണം, അവള്‍ ശാന്തിയില്‍ വിശ്രമിക്കട്ടെ..'- ഇഫാന്‍ കുറിച്ചു. 

ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകളും ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും ഇഫാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നീയില്ലാതെ എനിക്കെങ്ങനെ ജീവിക്കാനാകുമെന്ന് വേദനയോടെ എഴുതി. 

അരഡസനിലധികം ആല്‍ബങ്ങള്‍ 'സെവന്റീന്‍' പുറത്തിറക്കിയിട്ടുണ്ട്. ബാന്റിന്റെ മിക്ക പാട്ടുകളും ഇന്തോനേഷ്യയില്‍ വന്‍ ഹിറ്റായിരുന്നു. ഇഫാന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 17 ലക്ഷം ഫോളോവേഴ്‌സുണ്ട്. ബാന്റിലെ ബേസിസ്റ്റ്, ഗിറ്റാറിസ്റ്റ്, ട്രൂപ്പ് മാനേജര്‍ എന്നിവരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്.  

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളില്‍ സുനാമി ആഞ്ഞടിച്ചത്. ദുരന്തത്തില്‍ ഇതുവരെ 370ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇനിയും ജീവനോടെ ആരെയെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷ രക്ഷാപ്രവര്‍ത്തകരില്‍ പോലും അവശേഷിക്കുന്നില്ല. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഇവര്‍ പറയുന്നത്.
 

click me!