ശബരിമല യുവതീപ്രവേശം: സാവകാശം തേടി ദേവസ്വംബോർഡ് സുപ്രീംകോടതിയിലേക്ക്

By Web TeamFirst Published Nov 15, 2018, 8:57 PM IST
Highlights

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ ദേവസ്വംബോർഡ് സാവകാശഹർജി നൽകുന്ന കാര്യം നാളെ തീരുമാനിക്കും. നാളെ രാവിലെ ഒമ്പത് മണിയ്ക്കാണ് യോഗം. 

തിരുവനന്തപുരം: നാളെ രാവിലെ ഒമ്പത് മണിയ്ക്ക് ചേരുന്ന പ്രത്യേക ദേവസ്വംബോർഡ് യോഗത്തിൽ ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി ഹർജി നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. ഇക്കാര്യത്തിൽ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. എന്നാൽ അത് വിശദമായി എഴുതിവാങ്ങി പരിശോധിയ്ക്കാനാണ് തീരുമാനം. സുപ്രീംകോടതിയിൽ നിന്നുള്ള നോട്ടീസ് ഇതുവരെ ബോർഡ് ആസ്ഥാനത്ത് കിട്ടിയിട്ടില്ല. അത് കിട്ടിയ ശേഷം അന്തിമതീരുമാനമെടുക്കുമെന്നും എ.പദ്മകുമാർ ദേവസ്വംബോർഡ‍് യോഗത്തിന് ശേഷം പറഞ്ഞു.

''പ്രശ്നം പരിഹരിക്കാനാവശ്യമായ ഒരു ഇടപെടൽ ബോർഡിന്‍റെ ഭാഗത്തു നിന്നുണ്ടാകും. 22ാം തീയതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ശബരിമലയിൽ സമാധാനം നിലനിർത്താനുള്ള നീക്കങ്ങൾ നടത്തും. ദേവസ്വംബോർഡ് അതിന്‍റെ ഉത്തരവാദിത്തം നിർവഹിക്കും'', പദ്മകുമാർ പറഞ്ഞു. 

ശബരിമല ക്ഷേത്രത്തെ കലാപഭൂമിയാക്കാൻ അനുവദിക്കരുതെന്ന് അഭ്യർഥിക്കുകയാണെന്ന് എ.പദ്മകുമാർ പറഞ്ഞു. ''അവിടെ മനഃപൂർവം പ്രശ്നമുണ്ടാക്കണമെന്ന നീക്കവുമായി ചിലർ ഉണ്ടായിരുന്നു. അതുകൊണ്ട് കലാപം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു'', എ. പദ്മകുമാർ പറഞ്ഞു. 

''ദേവസ്വംബോർഡിനെ സംബന്ധിച്ച് സർക്കാരിൽ നിന്ന് അനുമതി തേടേണ്ടതില്ല. സ്വതന്ത്രനിലപാടെടുക്കും. ഭക്തജനങ്ങളുടെയും സർക്കാരിന്‍റെയും കോടതിയുടെയും നിലപാട് പരിഗണിച്ചാകും ദേവസ്വംബോർഡ് അന്തിമതീരുമാനമെടുക്കുക'', പദ്മകുമാർ വ്യക്തമാക്കി.

സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിനും വൈകിട്ട് തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള യോഗത്തിനും ശേഷമാണ് ദേവസ്വംബോർഡ് യോഗം ചേർന്നത്. രണ്ടരമണിക്കൂറോളം നീണ്ട യോഗത്തിന് ശേഷമാണ് സാവകാശഹർജി നൽകാനുള്ള നീക്കങ്ങളിലേക്ക് ദേവസ്വംബോർ‍ഡ് പോകുന്നത്. സർക്കാരിന് സാവകാശഹർജി നൽകാനാകില്ലെന്നും ദേവസ്വംബോർഡ് സാവകാശഹർജി നൽകുന്ന കാര്യം ആലോചിക്കട്ടെയെന്നും തന്ത്രി, രാജകുടുംബവുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവർമ വ്യക്തമാക്കിയിരുന്നു. ക്രമസമാധാനനില വഷളാകാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് കൂടി വന്ന സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാൻ സർക്കാർ സമവായത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് സൂചന.

Read More: മുഖ്യമന്ത്രിയുമായി സൗഹാർദപരമായ ചർച്ച; ദേവസ്വംബോർഡ് സാവകാശഹർജി നൽകിയേക്കാം: തന്ത്രി, രാജകുടുംബാംഗങ്ങൾ

click me!