
പ്രയാഗ്‍രാജ്: അയോധ്യയിൽ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവർത്തിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിനായി ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാർ പ്രയാഗ് രാജിൽ നിന്ന് അയോധ്യയിലേക്ക് തിരിക്കും. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്‍റെ യോഗത്തിൽ വച്ച് നേരത്തെ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രനിർമാണത്തിന് ഉറച്ച് ഹിന്ദുസംഘടനകൾ മുന്നോട്ടുപോവുകയാണെന്നതിന്‍റെ കൃത്യമായ സൂചനയാണിത്.
ലോക്സഭയിൽ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കാനാവശ്യമായ നിയമം നിർമ്മിക്കാൻ ശ്രമിക്കാത്ത എൻഡിഎ സർക്കാരിനെ ശങ്കരാചാര്യർ നേരത്തെ നിശിതമായി വിമർശിച്ചിരുന്നു. സവർണറിലെ ദരിദ്രർക്ക് സംവരണം നൽകാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തിൽ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അന്ന് സ്വരൂപാനന്ദ ചോദിച്ചിരുന്നു.
തർക്കഭൂമി ഒഴികെയുള്ള സ്ഥലം ഉടമകൾക്ക് വിട്ടു നൽകണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. 31 സെന്‍റ് മാത്രമാണ് തർക്കഭൂമിയെന്നും ബാക്കിയുള്ള ഭൂമി ഉടമകൾക്ക് നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ബാബ്‍റി മസ്ജിദ് നിന്നിരുന്ന 2.71 ഏക്കറിൽ 31 സെന്‍റ് മാത്രമാണ് തർക്കഭൂമിയെന്നാണ് കേന്ദ്രസർക്കാർ വാദം. മാത്രമല്ല, ബാബ്‍റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കർ ഭൂമി രാമജന്മഭൂമി ന്യാസിന്‍റെയും മറ്റ് ചെറുക്ഷേത്രങ്ങളുടേതുമാണ്.
ഉത്തർപ്രദേശിലെ ഹിന്ദുത്വവോട്ടുകൾ ലക്ഷ്യമിട്ട് തന്നെയാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam