പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു

By Web DeskFirst Published Jan 19, 2018, 10:41 AM IST
Highlights

അഹമ്മദാഹാദ്: വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ ഭായ് തൊഗാഡിയയ്ക്കെതിരെ രാജസ്ഥാനിലുണ്ടായിരുന്ന കേസ് പിന്‍വലിച്ചു. രാജസ്ഥാന്‍ പൊലീസ് കോടതിയില്‍ ഇതിനുള്ള അപേക്ഷ നല്‍കി. ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ചതിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഒളിച്ചു കടന്നപ്പോഴാണ് തൊഗാഡിയയെ ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിരോധനാജ്ഞ ലംഘിച്ച് പ്രസംഗിച്ചുവെന്നും പ്രകടനത്തിനു നേതൃത്വം നല്‍കിയെന്നുമുള്ള കേസില്‍ വാറന്റുമായി വന്ന രാജസ്ഥാന്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍പോയ തൊഗാഡിയയെ രാത്രി അവശനിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണിക്കൂറുകളോളം ഒളിവില്‍ കഴിഞ്ഞെത്തിയ ശേഷമുള്ള തൊഗാഡിയയുടെ വാര്‍ത്താസമ്മേളനവും വലിയ വാര്‍ത്തയായിരുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നീക്കം നടക്കുന്നതായാണ് തൊഗാഡിയ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. 

തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്ന തൊഗാഡിയയെ പിന്നീട് ഷാഹിബാഗിലെ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്നു കാര്യങ്ങള്‍ വിശദീകരിക്കാന്‍ തൊഗാഡിയ തന്നെ നേരിട്ടു മാധ്യമങ്ങള്‍ക്കു മുന്‍പിലെത്തുകയായിരുന്നു. ഡ്രിപ്പ് കൈയില്‍ കുത്തി, വീല്‍ചെയറില്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ തൊഗാഡിയ വികാരഭരിതനായാണു സംസാരിച്ചത്.
 

click me!