
കൊല്ലം: കൊട്ടാരക്കര പത്താനപുരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി പൊള്ളലേറ്റുമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. പുന്നല സ്വദേശി രേവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. ഈ മാസം 19നാണ് പത്തനാപുരം പുന്നല സ്വദേശി രേവതിയെ തീപ്പൊള്ളലേറ്റ് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റെന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി.
രേവതിയുടെ ഭര്‍ത്താവിന്‍റെ അമ്മ അപകടസമയത്ത് വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ശനിയാഴ്ച മരിച്ചു. ഭര്‍ത്താവ് അജീഷും അജീഷിന്‍റെ അമ്മ ശാന്തയും രേവതിയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് മുറി ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. രേവിതക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടും മുറികള്‍ക്ക് കാര്യമായ ഒരു നാശവും ഉണ്ടാകാത്തതും സംശയാസ്പദമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
മരണത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നാവവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് അജീഷും അമ്മ ശാന്തയും ഇപ്പോള്‍ ഒളിവിലാണ്. വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ സ്ഥലത്തെത്തി വീട് സന്ദര്‍ശിച്ചു. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam