ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ സന്ദീപ് വാര്യർ എംഎൽഎ. ബിജെപി പ്രതിപക്ഷത്തിരിക്കണമെന്ന് ജോഷിയെപ്പോലുള്ള മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നുണ്ടെന്നും മോദിക്ക് യുവജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടെന്നും സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ എംഎൽഎ. പെൺകുട്ടികൾ അടക്കമുള്ള സമരം.ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുന്ന ഡൽഹി പൊലീസ് നടപടി വേദനാജനകമാണെന്ന് മുരളി മനോഹർ ജോഷി പ്രതികരിച്ചിട്ടുണ്ട്. ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല ഈ വിഷയമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് മുരളി മനോഹർ ജോഷിയെ പോലെ ആ പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാവ് പോലും ആഗ്രഹിക്കുന്നുണ്ടെന്നും ഇല്ലെങ്കിൽ പാർട്ടി ഒരു ഗുജറാത്തി കമ്പനി മാത്രമായി ഒതുങ്ങും എന്ന് അദ്ദേഹത്തിനും മനസ്സിലായിട്ടുണ്ടാവുമെന്നുമാണ് സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടത്.
കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള അടൽ -അദ്വാനി - ജോഷി ത്രയങ്ങളിൽ പെട്ട നേതാവ്, രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ചിരിക്കുകയാണെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. 15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള ഇന്ത്യൻ യുവജനതയുടെ മനസ്സിൻ നിന്ന് മോദി കുടിയിറങ്ങിയിരിക്കുകയാണ്. ബിജെപിക്ക് മാത്രം വോട്ടുചെയ്തിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ കുട്ടികളാണ് സമര രംഗത്തുള്ളതെന്നും സന്ദീപ് വാര്യർ കുറിച്ചു.
അധികാര ധാർഷ്ട്യം അധിക കാലമില്ലെന്നും ജനാധിപത്യം പുലരുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. അധികാരത്തിൻ്റെ അഹങ്കാരവും ധാർഷ്ട്യവും ബിജെപിയിൽ സാധാരണ പ്രവർത്തകർ മുതൽ നേതാക്കളെ വരെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഭൂരിപക്ഷം നഷ്ടപ്പെട്ടതും വാരണാസിയിൽ ലീഡ് കുറഞ്ഞതുമൊക്കെ സൂചനകളായിരുന്നുവെന്നും എംഎൽഎ സോഷ്യൽ മീഡിയ കുറിപ്പിൽ വിശദീകരിച്ചു.


