
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകൾക്കെതിരായ ആരോപണങ്ങളിൽ പോലീസ് ഡ്രൈവർ ഗവാസ്കർ ഉറച്ചു നിൽക്കുകയും പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് വരികയും ചെയ്തതോടെ ഉദ്യോഗസ്ഥനും കുടംബത്തിനുമെതിരെ കൂടുതൽ വെളിപ്പെടുത്തലുകളും പുറത്തു വരുന്നു.
എഡിജിപിയുടെ വീട്ടിൽ ക്യാംപ് ഫോളോവറായി ജോലി ചെയ്ത വനിതയാണ് താൻ നേരിട്ട ദുരനുഭവങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. എഡിജിപിയുടെ മകളും ഭാര്യയും തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇൗ വനിതാഉദ്യോഗസ്ഥ പറയുന്നു.
വീട്ടുജോലിക്ക് വൈകി വന്നതിന് തന്നെ മർദ്ദിക്കാൻ എഡിജിപിയുടെ ഭാര്യയും മകളും ശ്രമിച്ചു.തന്നെ ശകാരിച്ചതും അസഭ്യവർഷം നടത്തിയതും പോരാഞ്ഞിട്ട് തന്റെ കുടുംബത്തിന് നേരേയും അസഭ്യ വർഷമുണ്ടായി. ഭാര്യയേക്കാളും മകളേക്കാളും മോശമായ രീതിയിൽ എഡിജിപിയും തനിക്ക് നേരെ പെരുമാറിയെന്ന് ഇൗ ഉദ്യോഗസ്ഥ പറയുന്നു. അങ്ങേയറ്റം മോശമായാണ് എഡിജിപിയും കുടുംബവും ക്യാംപ് ഫോളോവേഴ്സായി ജോലി ചെയ്തിരുന്ന പോലീസുകാരോട് പെരുമാറിയിരുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തു.
തന്നെ മർദ്ദിക്കാത്തിരുന്നതിനും പട്ടിയെ അഴിച്ചു വിട്ട് കടിപ്പിക്കാത്തതിനും എഡിജിപി മറ്റു ക്യാംപ് ഫോളേവേഴ്സിനോട് ക്ഷോഭിച്ചു. എന്ത് കൊണ്ട് തനിക്ക് നേരെ വെടിവെച്ചില്ലെന്ന് വരെ എഡിജിപി ചോദിച്ചു. എഡിജിപിയുടേയും ഭാര്യയുടേയും മക്കളുടേയും പീഡനം സഹിക്കാൻ സാധിക്കാതെ വന്നതോടെ തനിക്ക് ജോലി വേണ്ട ജീവൻ മാത്രം മതിയെന്ന് പറഞ്ഞാണ് എഡിജിപിയുടെ വസതിയിൽ നിന്നും ഇറങ്ങിയത്. വീട്ടുജോലിക്ക് നിന്ന താൻ യൂണിഫോം പോലും അണിയാൻ നിൽക്കാതെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും ഇൗ ഉദ്യോഗസ്ഥ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam