
കാസര്‍ഗോഡ്: കാസർഗോഡ് നിന്നും ആറര വർഷം മുമ്പ് കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യയും മകനും ഭാര്യയുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തി പുഴയിൽ തള്ളിയത്. 2012 മാർച്ചിലാണ് മൊഗ്രാൽ പുത്തൂർ ബേവിഞ്ച സ്വദേശി മുഹമ്മദ് കുഞ്ഞിയെ കാണാതായത്. ആറ് മാസത്തിന് ശേഷം മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധു പൊലീസിൽ പരാതി നൽകി.
പരാതിയില്‍ കോടതി ഇടപെടലോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയത്. പക്ഷെ മുഹമ്മദ് കുഞ്ഞിയെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം ഈ കേസിൽ നിർണ്ണായകമായ തെളിവ് പൊലീസിന് ലഭിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മുമ്പ് നൽകിയ മൊഴിയിൽ വൈരുധ്യമാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതേ തുടർന്ന് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയെ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്തു.
മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയക്ക് രണ്ടാം പ്രതി ബോവിക്കാനം സ്വദേശി എൻ.എ ഉമ്മറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഈ ഇടപാട് തീർക്കാനാണ് കൃത്യം നടത്തിയത്. ഉറങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. പിന്നീട് പ്രായപൂർത്തിയാകാത്ത മകനും ചേർന്ന് മൃതദേഹം പുഴയിൽ തള്ളി.
ഇക്കാര്യങ്ങളെല്ലാം ഉമ്മറിന് വ്യക്തമായി അറിയാമായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ വസ്തു വകകൾ പിന്നീട് മൂന്നു പേരും ചേർന്ന് വിൽപ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഉമ്മർ നിരവധി മോഷണകേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്. കൃത്യം നടന്ന് ആറര വർഷം പിന്നിട്ടതിനാൽ തെളിവ് ശേഖരണമാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam