മല കയറാന്‍ ഒരുങ്ങി യുവതികള്‍; സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി മനിതി സംഘടന

By Web TeamFirst Published Dec 16, 2018, 1:41 PM IST
Highlights

ശബരിമലയിലേക്ക് യുവതിളെ എത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി മനിതി സംഘടന.

ചെന്നൈ: ശബരിമലയിലേക്ക് യുവതിളെ എത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. വനിതാ സംഘടനയുടെ നേതൃത്വത്തില്‍ നാല്‍പത് യുവതികള്‍ ഈ മാസം ഇരുപത്തിമൂന്നിന് ശബരിമലയിലേക്ക് തിരിക്കും. സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി മനിതി സംഘടന പ്രവര്‍ത്തക സെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജിഷ കൊലപാതകത്തിന് ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ചെന്നൈ ആസ്ഥാനമായി രൂപീകരിച്ച സംഘടനയാണ് മനിതി. കേരളത്തിലടക്കം ആയിരത്തോളം പ്രവര്‍ത്തകര്‍ സംഘടനയുടെ കീഴിലുണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ചെന്നൈ തിരുച്ചിറപ്പിള്ളി മധുര കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നിന്ന് പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയക്കം പതിനഞ്ചുപേരും കര്‍ണാടക മധ്യപ്രദേശ് ഒഡീഷ കേരളം എന്നിവടങ്ങലില്‍ നിന്ന് ഇരുപത്തിയഞ്ച് യുവതികളുമാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്.

ഇരുപത്തിമൂന്നാം തീയതി കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് എത്തി തുടര്‍ന്ന് ബസ്സില്‍ പമ്പയിലേക്ക് തിരിക്കും. പമ്പയില്‍ എത്തിയ ശേഷം മാലയിടും. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അനുകൂല മറുപടിയാണ് ഉണ്ടായത്. ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യും. പ്രതിഷേധമുണ്ടായാല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹായമഭ്യര്‍ത്ഥിക്കും. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം ലഭിക്കുന്നത് വരെ ശ്രമം തുടരാനാണ് മനിതി സംഘടനയുടെ തീരുമാനം.

click me!