
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ വനിതാ നക്സൽ കൊല്ലപ്പെട്ടു. തലയ്ക്ക് അഞ്ചുലക്ഷം രൂപയുടെ പ്രതിഫലം പ്രഖ്യാപിച്ച നക്സൽ വനിതയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ രാജ്നന്ദഗോൺ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ജില്ലാ പൊലീസ് സേന, ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നിവർ ചേർന്ന് നടത്തിയ ആന്റി- മാവോയിസ്റ്റ് ഒാപ്പറേഷന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിലാണ് വനിതാ നക്സൽ കൊല്ലപ്പെട്ടതെന്ന് ജില്ലാ പൊലീസ് മേധാവി പ്രശാന്ത് അഗർവാൾ പറഞ്ഞു.
തലസ്ഥാനമായ റായ്പൂരിൽനിന്നും 200 കിലോമീറ്റർ അകലെ മൻപൂർ പ്രദേശത്തെ കാടുകൾ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ പദ്ധതിയിട്ടത്. കൊണ്ടൽ മലനിരക്ക് സമീപത്തുള്ള കാട്ടിൽവച്ച് രാവിലെ 8.30യോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊണ്ടൽ കുന്നുകൾക്ക് സമീപത്തുവച്ച് സുരക്ഷാസേനയ്ക്ക് നേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇരു ഭാഗവും തമ്മിലുണ്ടായ വെടിവെയ്പ്പിൽ വനിതാ നക്സൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റുമുട്ടലിൽ ഒടുവിലെ തെരച്ചിലിലാണ് വനിതാ നക്സലിന്റെ മൃതദേഹം കണ്ടെത്തിയത്. മാവോയിസ്റ്റ് ഔണ്ഡി-മൊഹ്ല സംയുക്ത ഏരിയാ കമ്മിറ്റിയിൽ അംഗമായ ജരിന എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഛത്തീസ്ഗഢിലെ ബീജാപ്പൂർ സ്വദേശിയായ ജരിന 2005 മുതൽ നക്സൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മൻപുർ സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളിലുൾപ്പെട്ട ജരിനയുടെ തലയ്ക്ക് സർക്കാർ അഞ്ചുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും 12 ബോർ ഗൺ, മാവോയിസ്റ്റ് ബന്ധമുള്ള മറ്റ് വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam