മല കയറാനെത്തിയ യുവതിയെ പ്രതിഷേധക്കാർ തട‍ഞ്ഞു; പൊലീസ് തിരിച്ചിറക്കി

By Web TeamFirst Published Feb 15, 2019, 12:11 PM IST
Highlights

മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. 
 

ശബരിമല: ഭർത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാർ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ  പോലീസ് സുരക്ഷയിൽ യുവതി തിരിച്ചിറങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് വീണ്ടും മല കയറി. 

കുംഭമാസ പൂജകൾക്കായി നട തുറന്നതിന് ശേഷം നിരവധി ഇതര സംസ്ഥാന യുവതികളാണ്  ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. എന്നാൽ ശബരിമലയിലെ പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയാണ് ഇവരിൽ ഭൂരിഭാഗവും എത്തുന്നതെന്നും  പ്രതിഷേധ സാധ്യത അറിയുന്നതോടെ മല കയറാതെ തിരിച്ചു പോകുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ തവണയും ശബരിമലയിലെത്തി ദർശനം നടത്തിയ 50 വയസ്സിനു മുകളിലുള്ള സ്ത്രീകളെയും പ്രതിഷേധക്കാ‌ർ തടയുന്നുണ്ട്. കുംഭമാസ പൂജകൾക്കായി നട തുറന്ന ശേഷം മല കയറാനെത്തിയ നാലോളം യുവതികളെ പൊലീസ് തിരിച്ചിറക്കിയിട്ടുണ്ട്. മല കയറണമെന്നാവശ്യപ്പെട്ട യുവതികളെ സുരക്ഷാ പ്രശ്നങ്ങളും ക്രമ സമാധാന പ്രശ്നവും ചൂണ്ടിക്കാട്ടിയാണ്  പൊലീസ് തിരിച്ചിറക്കിയത്. 
 

സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും മൂന്ന് എസ്പിമാരുടെ കീഴിലായി ആയിരക്കണക്കിന് പൊലീസുകാരെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലത്തെ പോലെ കര്‍ശനമായ സുരക്ഷ പൊലീസ് ഏര്‍പ്പെടുത്താതിനാല്‍ ശബരിമലയില്‍ ഇക്കുറി ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ മല കയറാനെത്തുന്ന യുവതികളെ തടയാനായി ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും പതിവ് പോലെ സന്നിധാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നവംബറില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആര്‍എസ്എസ് ആലപ്പുഴ നേതാവ് രാജേഷടക്കമുള്ളവര്‍ ഇപ്പോള്‍ സന്നിധാനത്തുണ്ട്. 

click me!