
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന ആശങ്ക മൂലമാണ് ഇവരെല്ലാം തിരിച്ചു പോകാന്‍ തീരുമാനിച്ചത്. നേരത്തെ, ദർശനത്തിനെത്തിയ യുവതിയേയും കുടുംബത്തെയും പൊലീസ് തിരിച്ചയച്ചിരുന്നു.
ഭർത്താവിന്‍റെ നിർബന്ധപ്രകാരമാണ് എത്തിയതെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു യുവതിയേയും കുടുംബത്തേയും പൊലീസ് സംരക്ഷണത്തോടെ തിരിച്ചയച്ചത്. ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ചേർത്തലയിൽ നിന്നെത്തിയ അഞ്ജു എന്ന യുവതിയെയാണ് മണിക്കൂറുകൾക്ക് ശേഷം പൊലീസ് തിരിച്ചയച്ചത്.
ഇന്നലെ വൈകീട്ടോടെ പമ്പയില്‍ എത്തിയ യുവതി ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ യുവതിയുമായി ബന്ധപ്പെട്ട പശ്ചാത്തലം തിരക്കുകയും ചെയ്തു.
പൊലീസുമായുള്ള ചർച്ചകൾക്കിടെ സന്നിധാനത്തേക്കില്ലെന്ന് യുവതി നിലപാടെടുത്തെങ്കിലും ഭർത്താവ് വഴങ്ങിയില്ല. ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് എത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടയിൽ ഭർത്താവ് മുൻ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നീക്കം കരുതലോടെയായി.
ചേർത്തലയിലെ ബന്ധുക്കളേയും ഇതിനിടയിൽ പൊലീസ് വിവരം അറിയിച്ചു. രാത്രി വൈകി ഇവരെത്തിയതോടെ യുവതിയും ഭർത്താവും നിലപാട് മാറ്റി മടങ്ങാൻ തയ്യാറാവുകയായിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു ഇവരുടെ മടക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam