
ശബരിമല: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് തന്ത്രപരമായി. യുവതികള്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി തിരിച്ചിറങ്ങിയ ശേഷവും സന്നിധാനത്തെ പൊലീസ് സംവിധാനം ഇത്തരമൊരു കാര്യം അറിഞ്ഞിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കും മഫ്തി പൊലീസിന്‍റെ കാര്യമായ സംരക്ഷണം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാണ്.
വലിയ നടപ്പന്തല്‍ വഴിയല്ലാതെ ഭക്തര്‍ക്ക് സന്നിധാനത്തെത്താന്‍ കഴിയില്ല. ഇതുവഴി മാത്രമേ പതിനെട്ടാം പടി ചവിട്ടി അയ്യപ്പദര്‍ശനം നടത്താന്‍ സാധിക്കൂ. എന്നാല്‍ യുവതികള്‍ കയറിയത് ഭക്തര്‍ തേങ്ങ എറിയുന്നതിന് സമീപത്തുള്ള വഴിയിലൂടെയാണ്. തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ലാത്ത 'സ്റ്റാഫ് ഓണ്‍ലി' എന്നെഴുതി വച്ച ഗെയിറ്റ് വഴിയാണ് പൊലീസ് സംരക്ഷണയില്‍ യുവതികള്‍ സന്നിധാനത്തേക്ക് കയറിയത്.
ഈ വഴി മാധ്യമപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇതുവഴി കയറിയാല്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ കടന്ന് പടികള്‍ കയറിയാല്‍ മാത്രമേ മുകളിലെത്തൂ. അവിടെ നിന്ന് നേരിട്ട് സന്നിധാനത്തേക്ക് കയറാന്‍ കഴിയും. എന്നാല്‍ പതിനെട്ടാം പടി കടന്നോ, ഫ്ലൈഓവര്‍ കടന്നോ മുകളിലെത്തിയാല്‍ വീഡിയോ, ഫോട്ടോഗ്രഫി നിരോധിതമേഖലയാണ്.
എന്നാല്‍ ഇവിടെ വച്ചാണ് സുരക്ഷയൊരുക്കിയ പൊലീസ് യുവതികള്‍ ദര്‍ശനം നടത്തിയതിന് തെളിവായി വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ സന്നിധാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ എസ്പി, ഡിവൈഎസ്പി, സിഐ, എസ്ഐ റാങ്കിലുള്ള ആര്‍ക്കും യുവതികള്‍ ശബരിമല കയറിയതിനെ കുറിച്ച് യാതൊരുവിവരവും ഉണ്ടായിരുന്നില്ല. അതായത് അതീവ രഹസ്യമായി, പൊലീസ് സംവിധാനങ്ങള്‍ക്ക് പോലും വിവരം നല്‍കാതെ ഉയര്‍ന്നതലത്തിലുള്ള ഇടപെടലുകളാണ് യുവതികളെ ദര്‍ശനത്തിനെത്തിക്കുന്നതില്‍ പൊലീസ് സ്വീകരിച്ചത്.
സുപ്രീംകോടതി വിധിക്കെതിരെ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ തീര്‍ത്ത പ്രതിഷേധത്തെ മറികടക്കാന്‍ പൊലീസ് തീര്‍ത്ത ബുദ്ധിപരമായ നീക്കമായിരുന്നു ഇന്ന് പുലര്‍ച്ചെ നടന്നത്. ഇന്നലെ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ വനിതാ മതിലിന്‍റെ തിരക്കുകള്‍ക്കിടെ മാധ്യമങ്ങളുടെ ശ്രദ്ധ മാറിയ ശേഷം അതീവ രഹസ്യമായിട്ടാണ് സ്ത്രീകളെ പൊലീസ് ബിന്ദുവിനേയും കനകദുര്‍ഗയേയും ശബരിമല ദര്‍ശനത്തിനെത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam