
തിരുവനന്തപുരം: എൻഎസ്എസ് ഉൾപ്പടെയുള്ള സമുദായ സംഘടനകൾ അവസാന നിമിഷം വരെ പിന്തിരിഞ്ഞ് നിന്നപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീസാന്നിധ്യം കൊണ്ട് വനിതാമതിൽ ശ്രദ്ധേയമായി. സംസ്ഥാനത്ത് പലയിടങ്ങളിലും മുസ്ലീം സ്ത്രീകൾ ഉൾപ്പടെയുള്ളവർ വനിതാ മതിലിൽ അണിചേർന്നു. എറണാകുളത്ത് യാക്കോബായ വിഭാഗത്തിലെ കന്യാസ്ത്രീകളും വൈദികരും വനിതാമതിലിൽ പങ്കാളികളായി.
കാസർകോട് മുതൽ തിരുവനന്തപുരം വരെ പെൺലക്ഷങ്ങൾ വനിതാമതിലിനായി അണിചേർന്നപ്പോൾ വിവിധ സമുദായ വിഭാഗത്തിലെ സ്ത്രീകളും പിന്തുണ അറിയിച്ചെത്തി. വനിതാ മതിലിനെ പരസ്യമായി വിമർശിച്ച് സമസ്ത യുവജന വിഭാഗം രംഗത്തെത്തിയെങ്കിലും വടക്കൻ ജില്ലകളിൽ ഉൾപ്പെടെ മുസ്ലീം വനിതകളുടെ വൻ പങ്കാളിത്തമാണുണ്ടായത്. എൽഡിഎഫിലേക്ക് കഴിഞ്ഞ ദിവസം മുന്നണിപ്രവേശനം നടത്തിയ ഐഎൻഎല്ലിന്‍റെ നേതൃത്വത്തിലും സ്ത്രീകളെ വനിതാ മതിലിനായി എത്തിച്ചു.
യാക്കോബായ വിഭാഗം കന്യാസ്ത്രീകളും വനിതാമതിലിനായി എത്തി. എറണാകുളം ഇടപ്പള്ളിയിലും,കളമശ്ശേരിയിലും യാക്കോബായ സഭാ ആസ്ഥാനമായ പുത്തൻകുരിശിൽ നിന്നും കന്യാസ്ത്രീമാരും, വൈദികരും ഉൾപ്പടെ സംഘമായി എത്തി. തൃശൂർ കോർപ്പറേഷന്‍ ഓഫീസിന് മുന്നിലെ വനിതാ മതിലിൽ പിന്തുണ അറിയിച്ച് കൽദായ സുറിയാനി സഭ വൈദികരുമെത്തി. വനിത മതിലിനോട് സഭ എതിരല്ലെന്നും, സഭയിലെ വനിതകൾ ഉൾപ്പെടെ വനിതാമതിലിൽ പങ്കെടുക്കുമെന്നും ഓർത്തഡോക്സ് സഭയും വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam