
തിരുവനന്തപുരം: പ്രമുഖ വ്യക്തികളും സാംസ്കാരിക പ്രവർത്തകരും ചലച്ചിത്ര താരങ്ങളും വനിതാ മതിലിൽ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശനും ഭാര്യയും മതിലിന് പിന്തുണയുമായി എത്തിയപ്പോൾ മകൻ തുഷാറും കുടുംബവും വിട്ടുനിന്നു. ട്രാൻസ്ജെൻഡേഴ്സും മതിലിന്റെ ഭാഗമായി. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള ശക്തരായ സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് വനിതാ മതിൽ ശ്രദ്ധേയമായി.
ഇടപ്പള്ളിയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകയായ അരുണ റോയ് തൃശൂരിൽ ചലച്ചിത്രതാരവും സംഗീത നാടക അക്കാദമി ചെയ്ർപേഴസണുമായ കെപിഎസി ലളിത, കോഴിക്കോട് കെ അജിതയും റിമ കല്ലിങ്കലും ദീദി ദാമോദരനും, തിരുവനന്തപുരത്ത് ബീന പോളും ഭാഗ്യലക്ഷ്മിയും പാലക്കാട് സികെ ജാനു എന്നവരടക്കം വനിതാ മതിലിന് പിന്തുണയുമായി പ്രമുഖ വനിതകൾ അണിനിരന്നു.
വനിതകൾക്ക് പിന്തുണയുമായെത്തിയ സ്വാമി അഗ്നിവേശും ആവേശം പകർന്നു. എഴുത്തുകാരികളായ എം ലീലാവതി ഇടപ്പള്ളിയിലും ദീപാ നിശാന്ത് തൃശൂരും ശാരദക്കുട്ടി ആലപ്പുഴയിലും മതിലിന്റെ ഭാഗമായി. നാടകപ്രവർത്തകായ നിലന്പൂർ ആയിഷ കണ്ണൂരിലും സാവിത്രി ശ്രീധരൻ കോഴിക്കോടും മതിലിന് പിന്തുണയുമായെത്തി.
ട്രാൻസ്ജെൻഡേഴ്സ് ആയിരുന്നു മതിലിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. രാധ കാക്കനാടനും ഒ മാധവന്റെ ഭാര്യ വിജയകുമാരിയും കൊല്ലത്ത് അണിനിരന്നു. കെആർ ഗൗരിയമ്മ ആലപ്പുഴയിൽ മതിലിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എത്താൻ കഴിഞ്ഞില്ല. വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ തലചുറ്റൽ അനുഭവപ്പെട്ട ഗൗരിയമ്മ, വീട്ടിൽ വിശ്രമിക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥരായ ഉഷ ടൈറ്റസ് കെ.വാസുകി, ടി.വി. അനുപമ തുടങ്ങിയവരും മതിലിന്റെ ഭാഗമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam