വനിതാ മതില്‍ രാജ്യത്തിന് മാതൃക, മതിലിന് ആധാരം ശബരിമലയിലെ സുപ്രീംകോടതി വിധിയെന്നും മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published Jan 1, 2019, 12:45 PM IST
Highlights

ശബരിമലയിലെ സുപ്രീംകോടതി വിധിയും പിന്നീടുണ്ടായ സംഭവങ്ങളുമാണ് വനിതാ മതിലിന് ആധാരം. ഹിന്ദു ഐക്യം പറഞ്ഞ് ബിജെപി ജനങ്ങളെ തമ്മിലടിപ്പിച്ചു. ബിജെപിയുടെ പ്രചാരവേല പരാജയപ്പെട്ടുവെന്നും മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: വനിതാ മതിൽ രാജ്യത്തിന് മാതൃകയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എൻ എസ് എസ് നേതൃത്വം മാത്രമേ വനിതാ മതിലിൽ നിന്ന് വിട്ടു നിൽക്കുന്നുള്ളൂ. അംഗങ്ങൾ മതിലിനൊപ്പമുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ശബരിമലയിലെ സുപ്രീംകോടതി വിധിയും പിന്നീടുണ്ടായ സംഭവങ്ങളുമാണ് വനിതാ മതിലിന് ആധാരം. ഹിന്ദു ഐക്യം പറഞ്ഞ് ബിജെപി ജനങ്ങളെ തമ്മിലടിപ്പിച്ചു. ബിജെപിയുടെ പ്രചാരവേല പരാജയപ്പെട്ടുവെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. 

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സർക്കാർ ഇന്ന് വനിതാമതിൽ തീർക്കുക. വൈകിട്ട് നാലിന് കാസർക്കോട് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം. 

എസ്എൻഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാർട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതിൽ. 3.30 ക്കാണ് ട്രയൽ. കാസർകോട് ടൗൺ സ്ക്വയറിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതിൽ തീർക്കുന്നത്. 

click me!