ഇനിയുള്ള നാല് ദിനങ്ങള്‍ ലോകം പക്ഷികള്‍ക്ക് പിന്നാലെ

By Web TeamFirst Published Feb 14, 2019, 10:51 AM IST
Highlights

താത്പര്യമുള്ള ആർക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടൽത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവരങ്ങൾ ശേഖരിക്കാനാവും

തൃശൂർ: ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിനരാത്രങ്ങൾ പക്ഷികൾക്ക് പിറകെ പറക്കും. വിദ്യാർത്ഥികളും ഒട്ടനവധി സാധാരണക്കാരും വീട്ടമ്മമാരും ഈ രംഗത്തെ പ്രഗത്ഭരെ പോലെ പക്ഷികളെ നിരീക്ഷിച്ച് കണക്കെടുപ്പുകളിലേർപ്പെടും.

ഗ്രേറ്റ് ബാക്ക്‍യാര്‍ഡ് ബേര്‍ഡ് കൗണ്ട് (Great Backyard Bird Count-GBBC) എന്ന ജനകീയമായ ഈ പക്ഷിക്കണക്കെടുപ്പ് പരിപാടി 2019 ഫെബ്രുവരി 15 മുതൽ 18 വരെയാണ്. താത്പര്യമുള്ള ആർക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടൽത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവരങ്ങൾ ശേഖരിക്കാനാവും.

ഈ നാലു ദിവസങ്ങളിൽ കഴിയുന്നത്ര നിരീക്ഷണക്കുറിപ്പുകൾ  www.ebird.org/india എന്ന വെബ്സൈറ്റിലൂടെയോ ebird എന്ന ആപ്പ് വഴിയോ ചിത്രങ്ങളും മറ്റുവിവരങ്ങളും അപ്ലോഡ് ചെയ്യാം. പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണവും നിരീക്ഷണവും ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ബേർഡ് കൗണ്ട് ഇന്ത്യ കളക്റ്റീവ് എന്ന പ്രസ്ഥാനവുമാണ് ഇന്ത്യയിൽ ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ട് സംഘടിപ്പിക്കുന്നത്.

2018 ലെ ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ടിന്റെ ഭാഗമായി 1,440 പേർ രാജ്യമെമ്പാടും പക്ഷിനിരീക്ഷണത്തിനിറങ്ങുകയും 825 തരം പക്ഷികളെ ആകെ കണ്ടെത്തുകയും ചെയ്തിരുന്നു. അവരൊന്നിച്ച് 11,800 നിരീക്ഷണക്കുറിപ്പുകളാണ് നാലു ദിവസം കൊണ്ട് നൽകിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://blog.kole.org.in/perumkiliyattam-gbbc2019/
https://birdcount.in/event/gbbc2019/
 

click me!