
മോസ്കോ: അമ്മ വളര്‍ത്തിയ താരങ്ങള്‍ അതാണ് ബ്രസീല്‍ ടീമിനെ വിശേഷിപ്പിക്കാന്‍ കഴിയുക. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ റൗണ്ടില്‍ ഇന്ന് ബെല്‍ജിയത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ബ്രസീല്‍. ഈ സമയത്താണ് 'അമ്മ'യ്ക്ക് പിറന്ന പോരാളികളുടെ വാര്‍ത്ത ശ്രദ്ധ നേടുന്നത്. ബ്രസീലിന്‍റെ ഇപ്പോഴത്തെ ടീമില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച 11 പേരില്‍ ഏഴുപേര്‍ക്കും പിതാക്കന്മാരില്ല, അവരെ വളര്‍ത്തിയതും കളിക്കാരായി വളര്‍ത്തിയതും മാതാവോ, മുത്തശ്ശി മുത്തശ്ശന്മാരോ ആണ്. ഇതില്‍ അഞ്ചുപേര്‍ക്ക് ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലും പിതാവിന്‍റെ കൈതാങ്ങ് ലഭിച്ചില്ല എന്നതാണ് സത്യമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇത് ബ്രസീലിന്‍റെയോ ലാറ്റിനമേരിക്കയുടെയോ പൊതു അവസ്ഥയുടെ നേര്‍ ചിത്രമാണ് എന്നതാണ് സത്യം, കണക്കുകള്‍ പ്രകാരം ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിലെ 40 ശതമാനം വീടുകളും പുലരുന്നത് ആ വീട്ടിലെ സ്ത്രീകള്‍ മൂലമാണെന്ന് ഇന്‍സ്റ്റ്യൂട്ട് ഓഫ് അപ്‌ളൈഡ് എക്കണോമിക് റിസര്‍ച്ച് ലണ്ടന്‍ നടത്തിയ പഠനം പറയുന്നു. ഏകദേശം 12 ദശലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മക്കളെ വളര്‍ത്താന്‍ പങ്കാളിയുടെ സഹായം ഇല്ലത്രേ. അതായത് ബ്രസീല്‍ ടീമിലെ അമ്മയ്ക്ക് പിറന്ന മക്കളുടെ കാര്യത്തില്‍ വലിയൊരു അത്ഭുതമില്ലെന്നതാണ് സത്യം.''ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിന് നിര്‍ണ്ണായക പങ്കുണ്ട്. ഇതില്‍ ഒരു കായികതാരത്തിന്‍റെ മാനസികമായ വികാസത്തില്‍ മാതാപിതാക്കളുടെ അഭാവം വലിയ വിടവ് സൃഷ്ടിക്കപ്പെടും.'' ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ് ജോവോ റിക്കാര്‍ഡോ കൊസക്കി പറയുന്നുണ്ടെന്ന് ഗാര്‍ഡിയന്‍ പറയുന്നു.
പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പിതാവില്ലാതെ, അമ്മയുടെയോ മറ്റ് ബന്ധുക്കളുടെയോ കഷ്ടപ്പാട് കണ്ട് ഫുട്ബോളിലൂടെ പുതിയ ജീവിതം നേടിയെടുക്കാന്‍ ബ്രസീലിയന്‍ യുവാക്കള്‍ തയ്യാറാകുന്നു. അതിന്‍റെ പ്രതിഭലനമാണ് ബ്രസീലിയന്‍ ടീമിലെ ഈ അംഗങ്ങള്‍ അവരുടെ ചിലരുടെ ജീവിതം കാണാം.
ജീസസ്
ബ്രസീലിന്‍റെ ഈ ലോകകപ്പിലെ പ്രതീക്ഷയുള്ള താരമാണ് ഗബ്രിയേല്‍ ജീസസ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ യുവ സ്ട്രൈക്കര്‍, ലണ്ടനില്‍ എത്തിയത് തന്നെ അമ്മയേയും ജേഷ്ഠനേയും അയല്‍പക്കത്തെ രണ്ടു സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു. കഴിയാവുന്നത്ര അയല്‍ക്കാരെ കൂടി കൊണ്ടു വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നായിരുന്നു ജീസസ് പറഞ്ഞത്. ഓരോ കളിക്കും മുമ്പ് തന്‍റെ എല്ലാമെല്ലാമായ അമ്മയെ ജീസസ് വിളിക്കാറുണ്ട്. കളിക്കിടയില്‍ ഗോളടിക്കുമ്പോള്‍ തന്‍റെ ചൂണ്ടുവിരലും അണിവിരലും മാത്രം നിവര്‍ത്തി ഫോണ്‍ വിളിക്കുന്നത് പോലെ 'അലോ മായി' (ഹായ് മോം)എന്ന ആംഗ്യം കാട്ടുന്നത് അമ്മയ്ക്ക് വേണ്ടിയാണ്.
പിതാവില്ലാതെ വളര്‍ന്ന ജീസസിന് എല്ലാം അമ്മയായിരുന്നു. സാവോപോളോയിലെ തെരുവുകളില്‍ ഒന്നായ കാക്കോയ്‌ന്‍റിലെ ജാര്‍ഡിം പെറിയിലെ തെരുവിലാണ് ജീസസ് കളിമികവ് മിനുക്കിയെടുത്തത്. രണ്ടുനേരം കഠിനാദ്ധ്വാനം ചെയ്തായിരുന്നു ജീസസിനെയും സഹോദരങ്ങളെയും മാതാവ് വെരാ ലൂസിയ വളര്‍ത്തിയത്. ജീസസിനൊപ്പം മറ്റ് മൂന്ന് സഹോദരങ്ങളെയും വളര്‍ത്താന്‍ വെരയ്ക്ക് ഏറെ അദ്ധ്വാനിക്കേണ്ടി വന്നിരുന്നു.
മക്കളെ വളര്‍ത്താനുള്ള അദ്ധ്വാനത്തിനിടിയില്‍ വര്‍ണ്ണ വിവേചനവും വെരാ നേരിട്ടിരുന്നു. ഗബ്രിയേല്‍ ജനിക്കും മുമ്പ് തന്നെ പിതാവ് ഡോണാ വേരയെ ഉപേക്ഷിച്ച് മറ്റൊരുവള്‍ക്കൊപ്പം പോയിരുന്നു. കളിക്കാന്‍ പോകുമ്പോള്‍ എല്ലാ കളിക്കാര്‍ക്കൊപ്പവും പിതാവ് വരുമായിരുന്നു. തനിക്കൊപ്പം വരാന്‍ ആരുമില്ലല്ലോ എന്ന് അന്ന് ഏറെ വേദനിക്കുമായിരുന്നെന്ന് ജീസസ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അപ്പനും അമ്മയുമായിരുന്ന വെര നല്ല ദൈവവിചാരമുള്ള കുട്ടിയായിട്ടാണ് ജീസസിനെ വളര്‍ത്തിയെടുത്തത്.
കടുത്ത മതവിശ്വാസിയായ ജീസസ് 33-മത്തെ നമ്പര്‍ ജഴ്‌സിയില്‍ ഇറങ്ങുന്നതിന് കാരണവും പേരിനെ അനുസ്മരിപ്പിക്കുന്ന ക്രൈസ്തവ വിശ്വാസം തന്നെ. ക്രൂശിതനായപ്പോഴുള്ള യേശുക്രിസ്തുവിന്റെ പ്രായമാണ് എന്നതിനാലാണ് താരം 33 ാം നമ്പര്‍ ധരിച്ചിരുന്നത്. മടുപ്പിക്കുന്ന ജീവിത സാഹചര്യങ്ങളെ പല തവണ ഡ്രിബിള്‍ ചെയ്തു മുന്നേറിയ ജീസസിന് അത് തന്നെയാണ് കളിക്കളത്തിലെ എതിരാളികളെ വെട്ടിയൊഴിയാനും കരുത്തായത്.
പൗളിഞ്ഞോ
ബാഴ്‌സിലോണയില്‍ മെസ്സിയുടെ സഹതാരമായ ബ്രസീലിയന്‍ പൗളീഞ്ഞോ വളരെ വിരളമായിട്ടാണ് പിതാവിനെ കണ്ടിട്ടുള്ളത്. വല്ലപ്പോഴുമാണ് കണ്ടിട്ടുള്ളതെങ്കില്‍ പോലും ജോസ് പൗളോ ബെസ്സേരാ മസിയേല്‍ എന്ന പിതാവിന്റെ പേരിലാണ് പൗളീഞ്ഞോ പുറത്ത് അറിയപ്പെടുന്നത്. പെര്‍ണാമ്പുക്കോയിലെ നഗരമായ ഇന്ത്യന്‍സ് ഓഫ് പെസ്‌ക്യുറയില്‍ പൗളീഞ്ഞോ ജനിച്ച് അധികം കഴിയും മുമ്പ് പിതാവ് ജോസ് പൗളോ മാതാവ് എറിക് ലിമയുമായി വേര്‍പിരിഞ്ഞു.
സാവോപോളോയിലേക്ക് പോയ പിതാവ് പിന്നീട് പെസ്‌ക്യൂറയില്‍ മടങ്ങിവന്നത് പൗളീഞ്ഞോയും സഹോദരനും പന്തുകളിക്കാന്‍ തുടങ്ങിയ 13 ാം വയസ്സിലാണ്.പിതാവിന്റെ സ്നേഹം അക്കാലത്ത് പൗളീഞ്ഞോയും ചേട്ടനും അറിഞ്ഞിരുന്നത് ഫോണിലൂടെ വരുന്ന ശബ്ദമായിട്ടായിരുന്നു. പക്ഷേ പിന്നീട് പൗളീഞ്ഞോയുടെ കളി പതിവായി കാണാന്‍ വന്നിരുന്നു. കൊറിന്ത്യന്‍സിന് കളിക്കുമ്പോള്‍ 2012 ല്‍ നൗട്ടിക്കോയുമായി അഫ്‌ളിറ്റോസില്‍ നടന്ന മത്സരത്തില്‍ ജോസ് പൗളോ സ്റ്റാന്റില്‍ ഉണ്ടായിരുന്നു.
മകന്‍ അണിഞ്ഞ ജഴ്‌സിയുമായിട്ടാണ് പൗളോ അന്ന് മടങ്ങിയത്. യൂറോപ്പിലെ ആദ്യപാദത്തില്‍ വംശീയ വിദ്വേഷത്തിന്റെ തീച്ചൂളയില്‍ പെട്ടപ്പോഴും പൗളീഞ്ഞോയ്ക്ക് അത് മറികടക്കാന്‍ കഴിഞ്ഞത് ഒരിക്കലും വിട്ടു കൊടുക്കില്ലെന്ന് അമ്മയ്ക്ക് നല്‍കിയ വാക്കായിരുന്നു. പൗളോ ഇപ്പോള്‍ പൗളീഞ്ഞോയുടെ ജന്മദേശമായ പെസ്‌ക്യൂറയിലെ തെരുവില്‍ പഴക്കച്ചവടം നടത്തുകയാണ്.
കാഷ്യോ
കൊറിന്ത്യന്‍സില്‍ പൗളീഞ്ഞോയുടെ കൂട്ടുകാരനായിരുന്ന ബ്രസീലിയന്‍ ടീമിന്‍റെ മൂന്നാം ഗോളി കാഷ്യോയുടെ കാര്യവും വ്യത്യസ്തമല്ല. പിതാവ് ഉണ്ടായിരിക്കേണ്ട പല സ്ഥലങ്ങളിലും കാഷ്യോയ്ക്ക് ദു:ഖമായിരുന്നു പ്രതിഫലം. ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ തന്നെ പിതാവ് അപ്രത്യക്ഷനായതും അമ്മയെ ഉപേക്ഷിച്ച് മാറ്റോഗ്രാസോയിലേക്ക് പോയതുമെല്ലാം കാഷ്യോയ്ക്ക് മാതാവ് മരിയാ ഡി ലൂര്‍ദ്ദ് പറഞ്ഞുള്ള അറിവ് മാത്രമേയുള്ളൂ.
അച്ഛനെ കാണാന്‍ കൊതിച്ചിരുന്ന പിതാവിന്റെ സാന്നിദ്ധ്യം വേണ്ടിയിരുന്നിടത്തെല്ലാം ശൂന്യതയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് എന്നെ വേണ്ടെന്ന് തോന്നിയതെന്നും എന്തിനാണ് ആള്‍ക്കാര്‍ ഇങ്ങിനെ തെറ്റു ചെയ്യുന്നതെന്നും ചിന്തിപ്പിച്ചിരുന്ന ബാല്യകാലം ഏറെ ദുരിതം നിറഞ്ഞതായിരുന്നെന്നും കാഷ്യോ പറയുന്നു. പക്ഷേ അതെല്ലാം വളരെ മുമ്പത്തെ കാര്യമാണെന്നും അടച്ചു പൂട്ടിയ അദ്ധ്യായങ്ങളാണെന്നും കാഷ്യോ പറയുന്നു. മൂന്ന് മാസം പ്രായമായപ്പോള്‍ മുതല്‍ കാഷ്യോയെ വളര്‍ത്തിയത് രണ്ടാനച്ഛനായിരുന്നു. അമ്മാവന്‍ ജാവോ കാര്‍ലോസ് കോജാക്കായിരുന്നു കാഷ്യോയെ കളിക്കാരനാക്കാന്‍ ഏറെ പിന്തുണച്ചത്. വെരാനോപോളിസില്‍ അമ്മാവനൊപ്പം കാറു കഴുകിയാണ് കാഷ്യോ വളര്‍ന്നത്.
ക്യാപ്റ്റന്‍ സില്‍വ
സില്‍വയ്ക്ക് അഞ്ചാം വയസ്സിലാണ് പിതാവിനെ നഷ്ടമായത്. അമ്മയുമായി പിണങ്ങി അകന്നു പോയ പിതാവിനെ പിന്നെ തിയാഗോ സില്‍വ ഒരിക്കലും കണ്ടിട്ടില്ല. തിയാഗോയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇപ്പോള്‍ തന്നെ രണ്ടു കുട്ടികള്‍ ഉള്ള ദമ്പതികള്‍ക്ക് മറ്റൊരു കുട്ടി കൂടി ഉണ്ടാകുന്നതിന്റെ സാമ്പത്തിക ബാദ്ധ്യത താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ഗര്‍ഭഛിദ്രം നടത്തി തിയാഗോയെ കൊല്ലാനായിരുന്നു പിതാവിന്‍റെ പരിപാടി. എന്നാല്‍ മാതാവ് ആഞ്ജല സമ്മതിച്ചില്ല. കുടുംബത്തിന്‍റെ വാക്കുകളായിരുന്നു ആഞ്ജല മുറുകെ പിടിച്ചത്. ഒടുവില്‍ തിയാഗോ ജനിച്ചതോടെ കുടുംബത്തിന് മേല്‍ ദാരിദ്ര്യം പിടിമുറുക്കി. മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിലേക്കാണ് അത് ചെന്നെത്തിയത്.
മാതാവ് വീണ്ടും വിവാഹിതയായി. സ്വന്തം മകനല്ലെങ്കിലും അതുപോലെയായിരുന്നു രണ്ടാനച്ഛന്‍ വാള്‍ഡോമിറോ കുഞ്ഞു തിയായോയെ ഏറ്റെടുത്തത്. ''ജീവിതത്തില്‍ ഞാന്‍ നേടിയ നേട്ടങ്ങള്‍ക്കെല്ലാം നന്ദി പറയേണ്ടത് താങ്കളോടാണ്. അദ്ദേഹം എന്റെ പിതാവായിരുന്നു, കൂട്ടുകാരനായിരുന്നു, പങ്കാളിയായിരുന്നു, എപ്പോഴും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സൂപ്പര്‍ഹീറോയായിരുന്നു. '' 2014 ഒക്‌ടോബറില്‍ മരിച്ചപ്പോള്‍ ഏറ്റവും ദു:ഖിതനായി കാണപ്പെട്ട തിയാഗോ കുറിച്ച വാക്കുകള്‍ തന്നെ വളര്‍ത്തച്ഛനുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ കടപ്പാടിന്റെ സൂചനയാണ്.
കാസിമിറോ
മൂന്നാം വയസ്സിലാണ് കാസിമിറോയ്ക്ക് പിതാവിനെ നഷ്ടമായത്. മാതാവുമായി വേര്‍പിരിഞ്ഞു. സാവോ പോളോയിലെ സാവോ ജോസ് ഡോസ് കാമ്പോസിലെ കുടിലില്‍ മാതാവ് മാഗ്ദയ്ക്കും രണ്ടു സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു കാസിമിറോ കഴിഞ്ഞത്. നഗരത്തിലെ ഫുട്‌ബോള്‍ കോച്ച് നില്‍ട്ടണ്‍ മൊറിയേരയായിരുന്നു കാസിമിറോയുടെ ഫുട്‌ബോളിലേക്കുള്ള പ്രചോദനമായത്. വയറു നിറയ്ക്കാനായി ചെറുപ്പത്തില്‍ ചെറിയ ജോലികള്‍ ചെയ്യേണ്ടി വന്നു. മദ്യത്തിനടിമയായിരുന്ന പിതവുമായി മാതാവ് റോസേഞ്ചലയ്ക്ക് വേര്‍പിരിയേണ്ടി വന്നതിനാല്‍ മക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു.
മക്കളെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ അടുത്തുള്ള പള്ളിയായിരുന്നു റോസേഞ്ചലിനെ സഹായിച്ചിരുന്നത്. താന്‍ ഇന്നീ നിലയില്‍ എത്താന്‍ കാരണം അമ്മ മാത്രമാണെന്നാണ് കാസിമിറോ പറയുന്നത്. പോര്‍ട്ടേ അലിഗ്രേയിലെ ഇന്റര്‍ ടീമില്‍ കളിക്കാരനാകും മുമ്പ് തെരുവിലെ കാര്‍പാര്‍ക്കിംഗ് നോട്ടക്കാരന്‍ പെയ്ന്റര്‍, മേസ്തിരിപ്പണിക്കാരന്‍റെ സഹായി തുടങ്ങിയ ജോലികളെല്ലാം ഈ സ്‌ട്രൈക്കര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.
കഠിനാദ്ധ്വാനത്തിലൂടെ ആണ് താന്‍ ബ്രസീലിയന്‍ ടീമില്‍ ഇടംനേടിയതെന്നും സെലക്കാവോ ക്‌ളബ്ബില്‍ താന്‍ പെട്ടത് വെറും ആകസ്മികമായിട്ടല്ലെന്നും കാസിമിറോ പറയുന്നതിന് കാരണം അതാണ്. മറ്റൊരു കളിക്കാരന്‍ മിറാന്‍ഡയ്ക്ക് പതിനൊന്നാം വയസ്സിലാണ് പിതാവിനെ നഷ്ടമായത്. വിധവയാകുമ്പോള്‍ മിറാന്‍ഡയെ കൂടാതെ 11 കുട്ടികളുടെ ചുമതലയായിരുന്നു മാതാവ് മരിയയ്ക്ക് മേല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam