
മോസ്കോ: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളായി വാഴ്ത്തപ്പെടുന്നത് അര്‍ജന്‍റീനയുടെ ലിയോണല്‍ മെസിയും പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ കൊണ്ട് കാല്‍പ്പന്ത് കളിയുടെ അമരത്ത് നില്‍ക്കുന്ന രണ്ടു താരങ്ങള്‍ക്കും പക്ഷേ സ്വരാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ മാത്രം സാധിച്ചിട്ടില്ല. റൊണാള്‍ഡോയുടെ പേരില്‍ യൂറോ കപ്പ് എങ്കിലുമുള്ളപ്പോള്‍ മെസിക്ക് രാജ്യാന്തര കിരീടം എത്തിപ്പിടിക്കാനാവാതെ നില്‍ക്കുന്നു.
റഷ്യന്‍ ലോകകപ്പില്‍ നിന്ന് മെസിയും റൊണാള്‍ഡോയും പുറത്തായി നാട്ടിലേക്ക് വണ്ടി പിടിച്ചു കഴിഞ്ഞു. പക്ഷേ, ഈ ലോകകപ്പിലെ ടോപ് സ്കോററായി നില്‍ക്കുന്ന ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍റെ ഒരു നേട്ടം ഇരു താരങ്ങളെയും നാണം കെടുത്തുന്നതാണ്. ആദ്യ ലോകകപ്പ് കളിക്കാനായാണ് കെയ്ന്‍ റഷ്യയിലെത്തിയത്. നാലാം ലോകകപ്പ് കളിച്ച മെസിക്കും റൊണാള്‍ഡോയ്ക്കും ഇതുവരെ പേരിലെഴുതാനായത് യഥാക്രമം ആറും ഏഴും ഗോളുകള്‍ മാത്രം. ഇതിനകം കെയ്ന്‍ ആറു ഗോളുകള്‍ തികച്ച് കഴിഞ്ഞു.
74 ഷോട്ടുകള്‍ പായിച്ചിട്ടാണ് റൊണാള്‍ഡോയ്ക്ക് ഏഴു ഗോളുകള്‍ നേടാനായത്. മെസിക്ക് ആറു ഗോള്‍ സ്വന്തമാക്കാന്‍ 67 ഷോട്ടുകള്‍ വേണ്ടി വന്നു. ആറു ഗോളുകള്‍ പേരിലെഴുതിയ ബ്രസീല്‍ താരം നെയ്മറാകട്ടെ 38 ഷോട്ടുകളാണ് തൊടുത്തത്. ആദ്യ ലോകകപ്പ് കളിക്കുന്ന ഹാരി കെയ്ന്‍ വെറും ഒമ്പത് ഷോട്ടുകളില്‍ നിന്ന് ആറു ഗോളുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ ഇക്കാര്യത്തില്‍ ഇംഗ്ലീഷ് നായകനെക്കാള്‍ ഏറെ പിന്നിലായി കഴിഞ്ഞിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam