
'പലപ്പോഴും കരുതി ഞാൻ മരിച്ചു പോയെന്ന്... പക്ഷേ ഇല്ലാരുന്നു ട്ടോ.. അങ്ങറ്റം വരെ പോയി ദാ തീർന്നു എന്ന് വിചാരിച്ചിടത്ത് നിന്ന് തിരിച്ച് വര്വാണ്. അത് വരെ ചെയ്തതിനേക്കാൾ കൂടുതലെന്തോ ചെയ്യാനുള്ളതോണ്ടാണല്ലോ ദൈവം പിന്നെയുമെന്നെ ഇവിടത്തന്നെ ഇട്ടത്.. അത് ചെയ്യാതെ വയ്യല്ലോ.. '
അതായിരുന്നു സരസു.. അറുപത് വർഷം കഴുത്തിന് താഴെ തളർന്ന് കിടന്ന ഒരു സ്ത്രീയ്ക്ക് തന്‍റെ ജീവിതത്തെക്കുറിച്ച് ഇത്രമേൽ സരസമായി സംസാരിക്കാനാവുമോ എന്ന് കാണുന്ന ആരും അതിശയിച്ചു പോവും.. വെറുതെയല്ല, സരസുവിനെ ചികിത്സിച്ച ഡോക്ടർ അടുത്ത രണ്ടാഴ്ച തളരാതെ മുന്നോട്ട് പോയി ഇനിയുമൊട്ടേറെ രോഗികളെ ചികിത്സിക്കാനുള്ള ധൈര്യം എനിക്ക് സരസുവിൽ നിന്നാണ് കിട്ടുന്നതെന്ന് പറഞ്ഞത്. എന്തായാലും കേരളത്തിലും തമിഴ്‍നാട്ടിലുമടക്കം നിരവധി വായനക്കാരും ആരാധകരും ഉണ്ടായിരുന്ന സരസു തോമസിനെ അവരുടെ ദൈവം ഇത്തവണ തിരിച്ച് വിടാതിരുന്നത് ഇനിയൊന്നും ചെയ്യാനില്ലെന്ന് തോന്നിയത് കൊണ്ടല്ലെന്നുറപ്പാണ്.
തിരുവനന്തപുരം ചെഷയർ ഹോമിലെ അന്തേവാസികൾക്ക് മുന്നിൽ ആത്മവിശ്വാസത്തിന്‍റെ ഒരു ഹിമാലയൻ ഉദാഹരണമായി; മധുരമായ പാട്ടുകളായി; എല്ലാവരുടെയും ആന്‍റിയായി സരസു തോമസ് ഇനി ഇല്ല. ഇനിയും ഒരുപാട് ചെയ്തു തീർക്കാനുണ്ടായിരുന്ന സരസുവിന് 64 വയസ്സ് വാർധക്യമായിരുന്നില്ല.
1960 ലാണ് പോളിയോ ബാധിച്ച് സരസുവിന്‍റെ ശരീരം തളർന്ന് പോയത്. കിടക്കുന്നിടത്ത് തലയ്ക്ക് മുകളിൽ കാണുന്നത് മാത്രമാണ് സരസു തോമസിന്‍റെ കാഴ്ച. പക്ഷേ എഴുതിത്തീർത്തത് സ്വന്തം ആത്മകഥയടക്കം മൂന്ന് പുസ്തകങ്ങൾ.
‘എന്തെങ്കിലും ഒരു സാധനങ്ങളില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ അത് തീരുന്നതോടെ ആ സന്തോഷം ഇല്ലാതാകും. അല്ലേ? അങ്ങനെ ഒന്നിലും ഞാന്‍ സന്തോഷം കണ്ടെത്തിയിട്ടില്ല. എന്‍റെ ശരീരമോ സാഹചര്യമോ സന്തോഷിക്കാന്‍ ഒരു തടസമല്ല. ഞാന്‍ ഒരു വിശ്വാസിയാണ്. യഥാര്‍ത്ഥ ജീവിതം അത് ആത്മാവിലാണെന്നാണ് ഞാന്‍ മനസിലാക്കി വെച്ചിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ എപ്പോഴും സന്തോഷിക്കുന്നുണ്ട്. ഉറങ്ങി ഉണരുമ്പോഴും ഞാന്‍ സന്തോഷത്തിലാണ്.’ തിരുവനന്തപുരം ചെഷയര്‍ ഹോം അന്തേവാസിയായ സരസുവിന്‍റെ വാക്കുകളാണ്. അവരെ കാണാൻ പോവുന്ന ആർക്കും അവരുടെ വൈകല്യത്തെക്കുറിച്ച് സഹതപിക്കാനാവില്ല. പകരം അസൂയപ്പെടേണ്ടി വരും ആത്മവിശ്വാസത്തിന്‍റെ ആൾരൂപത്തെ കാണുമ്പോൾ..
പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്‍ക എന്ന മലയോര ഗ്രാമത്തില്‍ കര്‍ഷക ദമ്പതികളായ പള്ളിക്കല്‍ പിജി തോമസിന്‍റെയും അന്നമ്മയുടെയും മകളായി 1955 ജനുവരി 10നാണ് സരസു ജനിച്ചത്. അഞ്ചാം വയസില്‍ ബാധിച്ച പോളിയോ കാരണം കഴുത്തിന് താഴെ ചലനമറ്റ നിലയില്‍ കിടപ്പിലായി. ഔപചാരിക വിദ്യാഭ്യാസം അതോടെ നിലച്ചുവെങ്കിലും അക്ഷരങ്ങള്‍ തന്നെയാണ് സരസുവിന്‍റെ കൂട്ടുകാര്‍. സരസു ഇരുകൈകളും ചേര്‍ത്ത് പിടിച്ച് ഒറ്റക്കണ്ണിലെ കാഴ്ചയിൽ കുറിച്ച ലേഖനങ്ങളും കഥകളുമെല്ലാം ജീവിതത്തോടുള്ള ഒരു മനുഷ്യസ്ത്രീയുടെ വല്ലാത്ത കൊതിയായി മാത്രമേ വായിക്കാനാവൂ..
സരസു തോമസ് എന്ന എഴുത്തുകാരി തന്‍റെ ഏറ്റവും വലിയ അഭിമാനമായി കണ്ടത് താൻ ഒന്നും പഠിച്ചിട്ടില്ല എന്നുള്ളതാണ്. സ്കൂളിൽ പോയിത്തുടങ്ങിയപ്പോഴേക്ക് ശരീരം തളർന്നു. പിന്നെ പത്രങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും പെറുക്കിയെടുത്ത് സ്വായത്തമാക്കിയ ഓരോ അക്ഷരവും വലിയ അധ്വാനം കൊണ്ടുണ്ടാക്കിയ സമ്പാദ്യം.
‘മലയാള അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയപ്പോഴാണ് പോളിയോ വന്നത്. കുറച്ച് മാസങ്ങള്‍ മാത്രമേ സ്‌കൂളില്‍ പോകാനായുള്ളൂ. അതിന് ശേഷം പത്രങ്ങളിലെ തലക്കെട്ടുകളൊക്കെ വായിക്കുമായിരുന്നു. അതുകൊണ്ട് അക്ഷരങ്ങള്‍ മറന്നില്ല. പുസ്തകമൊക്കെ വായിക്കാന്‍ ഇഷ്ടമാണെങ്കിലും ബുദ്ധിമുട്ടാണ്. കിടന്നിട്ടാണ് വായിക്കേണ്ടത്. എന്നാലും കൈകളില്‍ പിടിച്ച് വായിക്കാനാകുന്നതൊക്കെ വായിക്കും.’
1978ലാണ് തിരുവനന്തപുരത്തെ വികലാംഗ പുനരധിവാസ കേന്ദ്രമായ ചെഷയര്‍ ഹോമില്‍ സരസു എത്തുന്നത്. ഇവിടെ വെച്ച് തന്നോടൊപ്പമുള്ള പതിനാറ് വീല്‍ ചെയറുകാരെ ഉള്‍പ്പെടുത്തി ‘കനല്‍പ്പാട്’ എന്ന നാടകം രചിക്കുകയും അതിലെ ഒരു കഥാപാത്രമായി ദൂരദര്‍ശനിലും വൈലോപ്പിള്ളി സംസ്‌കൃതിഭവനിലും എത്തുകയും ചെയ്‍തിട്ടുണ്ട്. അപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് വളരെ നിസാരമായാണ് സരസു മറുപടി പറയുക.
‘നാടകത്തിന് വേണ്ടിയുള്ള പരിശീലനങ്ങളൊക്കെ ഇവിടെ നിന്ന് തന്നിരുന്നു. അപ്പോള്‍ അവരോടൊപ്പം സഹകരിച്ചുവെന്നേയുള്ളൂ. പണ്ട് ആള്‍ ഇന്ത്യാ റേഡിയോയില്‍ നാടകങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെ ഡയലോഗ് പറഞ്ഞ് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുമായിരുന്നു. അന്ന് ഞങ്ങളൊക്കെ ചെറുപ്പമാണ്. ദൂരദര്‍ശനും വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും നാടകം അഭിനയിച്ചപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല’പറഞ്ഞു തുടങ്ങിയാൽ ചെഷയർ ഹോമുകാരുടെ സരസുവാന്‍റി നിർത്തില്ല. ഇത് കൂടാതെ സരസുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി ‘ആന്‍ എന്‍കൗണ്ടര്‍ വിത്ത് എ ലൈഫ് ലിവിങ്’ എന്ന ഡോക്യുമെന്‍ററിയും ‘ഹൃദയത്തിനുടമ’ എന്ന ടെലിഫിലിമും പുറത്തിറങ്ങിയിട്ടുണ്ട്.
2000ലാണ് സരസുവിന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ചെറുപ്പത്തില്‍ കണ്ട കാഴ്ചകളാണ് എഴുത്തിന്‍റെ കേന്ദ്രം. കാഴ്ചകളുടെയും അനുഭവങ്ങളുടെയും പരിമിതികളിലും സരസു വായനക്കാര്‍ക്കായി ഒരുക്കിയത് ഉള്‍ക്കാഴ്ചകളായിരുന്നു.
‘പത്തിരുപത്തഞ്ച് വയസു മുതലേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. പക്ഷേ നാല്പതാം വയസിലാണ് എഴുതിയത് പ്രസിദ്ധീകരിച്ചത്. ‘എന്‍റഎ കഥയും ഗീതവും’ എന്ന ആത്മകഥ ക്രൈസ്തവ സാഹിത്യ സമിതിപ്രസിദ്ധീകരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ആ പുസ്തകത്തിന് കിട്ടിയത്. കേരളത്തിന്‍റെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്ന് സരസുവിനെ കാണുകയും വിളിക്കുകയും ചെയ്തു. ഏകദേശം ഒരു മാസം കൊണ്ട് തന്നെ കോപ്പികളൊക്കെ വിറ്റുപോവുകയും ചെയ്തു.
ആത്മകഥയ്ക്ക് ശേഷം രണ്ട് പുസ്തകങ്ങള്‍ കൂടി സരസു എഴുതിയിട്ടുണ്ട്. റെയ്ച്ചല്‍ ബെന്നി എന്ന സുവിശേഷ പ്രസംഗയുടെ ജീവചരിത്രം 'സ്‌നേഹദൂതുമായി ജയിലുകളില്‍', ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരെക്കുറിച്ചുള്ള ‘ജയത്തിനുണ്ടോ കുറുക്കുവഴി' എന്നീ രണ്ട് പുസ്തകങ്ങൾ. ഇനിയും എഴുതുമോ എന്ന് ചോദിക്കുമ്പോള്‍ ഉറപ്പായും എഴുതുമെന്നാണ് സരസുവിന്‍റെ മറുപടി.
'ഞാന്‍ എഴുതും, ഇനിയും എഴുതും, എഴുതിക്കൊണ്ടേയിരിക്കും. ദൈവം അനുവദിച്ചാല്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്യും. എഴുതാന്‍ ഒത്തിരിയുണ്ട്. പക്ഷേ ആരോഗ്യം ഇല്ല. കമിഴ്ന്ന് കിടന്ന് വേണം എഴുതാന്‍ അപ്പോള്‍ കൈകള്‍ വേദനിക്കും. എന്നാലും അടുത്ത പുസ്തകം എഴുതിത്തുടങ്ങിയിട്ടുണ്ട്'.
നാലാമാതായി എഴുതിത്തുടങ്ങിയ പുസ്തകം പൂർത്തിനാവാതെ സരസു യാത്രയായി.. 'എനിയ്ക്ക് ഇരയാവാൻ വയ്യ.. അതിജീവിച്ചവളായി അറിയപ്പെടാനാണിഷ്ടം' ഒരിക്കൽ സരസു പറഞ്ഞു.. സരസു തോമസ് എന്ന ആരേയും അത്ഭുതപ്പെടുത്തുന്ന സ്ത്രീ വൈകല്യത്തെ മാത്രമല്ല മരണത്തെക്കൂടി അതിജീവിക്കുന്നു, എഴുതിയിട്ട അക്ഷരങ്ങളിലൂടെ.. ഒരിക്കലെങ്കിലും കണ്ട ഓരോരുത്തരുടെയും മനസ്സിലൂടെ..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam