
കൊച്ചി: അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിനെതിരെ ദീപ നിശാന്ത് നിയമനടപടിയ്ക്ക്. തൃശൂര്‍ കേരള വര്‍മ കോളേജില്‍ എം.എഫ് ഹുസൈന്റെ 'സരസ്വതി'യുടെ പകര്‍പ്പ് എസ്എഫ്‌ഐയുടെ ചില ബാനറുകളില്‍ പുനരാവിഷ്‌കരിച്ചതിനെ പിന്തുണച്ചതിനെതിരായണ് സംഘപരിവാര്‍ അനുകൂലികള്‍ ദീപയ്‌ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ച് വിട്ടത്.
ദീപയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും അസഭ്യം പറഞ്ഞുമാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രതികരിച്ചത്. 'കാവിപ്പട' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ദീപയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രവും വിവരണങ്ങളും നല്‍കി പോസ്റ്റിട്ടത്. ഇതിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് ദീപ നിശാന്ത്.
'ഇത് ഞാന്‍ വിശ്വസിക്കുന്ന എന്റെ ദേവി... ഈ ദേവിക്ക് എന്റെ ദീപ ടീച്ചര്‍ന്റെ മുഖ ഛായ ആണ്... എന്റെ ടീച്ചര്‍ നെ ഞാന്‍ ദേവിയെ പോലെയാ കാണുന്നത്..സരസ്വതി ദേവി..ഇത് എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം.. എന്ന് എഴുതിയ പോസ്റ്റിന് താഴെയായി ദീപയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഘപരിവാര്‍ ഗ്രൂപ്പില്‍ വന്ന ചിത്രത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം അടക്കമുള്ളവര്‍ രംഗത്തുവന്നു. നിയമനടപടിക്കൊരുങ്ങുകയാണെങ്കില്‍ എല്ലാ സഹായവുമുണ്ടാകുമെന്ന് എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്.
''കലയിലെ സ്വാതന്ത്ര്യമല്ല ഒരു ജീവിച്ചിരിക്കുന്ന വ്യക്തിയെ വച്ച് കളിക്കുന്നത് എന്ന് നിങ്ങള്‍ക്ക് താമസിയാതെ മനസ്സിലായിക്കോളും. മിത്തും റിയാലിറ്റിയും രണ്ടാണ്. നിങ്ങള്‍ക്ക് മിത്തിന്റെ പുറത്തേ സ്വാതന്ത്ര്യമുള്ളൂ, വ്യക്തികളുടെ പുറത്തില്ല. മിത്ത് ഏതോ കാലത്തിലെ ഭാവനയാണ്. ആ ഭാവനക്കുമുകളിലുള്ള തുടര്‍ഭാവനകളെ മരവിപ്പിക്കാന്‍ ആര്‍ക്കും ഒരു ജനാധിപത്യരാജ്യത്തില്‍ കഴിയില്ലെന്ന്'' ദീപ നിശാന്ത് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപയുടെ പ്രതികരണം.
തലവെട്ടി വേറൊരു നഗ്‌നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തില്‍ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെണ്‍കുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു ചേട്ടന്മാരേ. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവന്‍ കൊണ്ട് നടന്ന് പഴനിക്ക് പോവാന്‍ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണിതെന്നും ദീപ ഓര്‍മ്മിപ്പിച്ചു. സംഘപരിവാറിന്റെ അധിഷേപ പോസ്റ്റുകള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ദീപ നിശാന്തിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam