കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നവരോട്; കെആര്‍ മീരയ്ക്ക് ചിലത് പറയാനുണ്ട്

Published : Sep 24, 2018, 01:16 PM IST
കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നവരോട്; കെആര്‍ മീരയ്ക്ക് ചിലത് പറയാനുണ്ട്

Synopsis

മഠത്തില്‍ ചേര്‍ന്നതിനുള്ള ശേഷമുള്ള ആറോ ഏഴോ വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവളെ പഠിപ്പിക്കുന്നത് അഭിഷിക്തനോട്, അതായതു പട്ടം കെട്ടിയ വൈദികനോട്– അനുസരണക്കേട് പാപമാണ് എന്നാണ്

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്‍റെ അതിക്രമത്തെ അതിജീവിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് എഴുത്തുകാരി കെആര്‍ മീര രംഗത്ത്. കന്യാസ്ത്രീ എന്ത് കൊണ്ടാണ് പന്ത്രണ്ട് തവണ പരാതിപെടാത്തത് എന്ന നിലയിലുള്ള ചോദ്യങ്ങള്‍ പതിനാറാം വയസില്‍ നാല്‍പ്പത് ദിവസത്തോളം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയോടും ചോദിച്ച അതേ മാനസികാവസ്ഥയിലുള്ളതാണെന്ന് അവര്‍ വിമര്‍ശിച്ചു.

കെആര്‍ മീരയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍


അതിക്രമത്തെ അതിജീവിച്ച കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്നും അതിക്രമം ആരോപിക്കപ്പെട്ടയാളോടൊപ്പമുള്ള ഫോട്ടോകളില്‍ എന്തുകൊണ്ടു പൊട്ടിക്കരഞ്ഞില്ല എന്നുമുള്ള ചോദ്യങ്ങള്‍ തന്നെയാണ് പതിനാറാം വയസ്സില്‍ നാല്‍പതു ദിവസം ബലാല്‍സംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയോടു ചോദിക്കപ്പെട്ടതും എന്നതു യാദൃച്ഛികതയല്ല.

കാരണം, 15–16 വയസ്സാണ് മഠത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ ശരാശരി പ്രായം.

പരമാവധി പതിനെട്ടു വയസ്സ്.

നിയമപരമായി, വെറും ബാലിക.

അതിനുശേഷം അവളുടെ ജീവിതം മഠത്തിനുള്ളിലാണ്.

അതിനും എത്രയോ മുമ്പ്, മാമ്മോദീസാ ചടങ്ങു മുതല്‍തന്നെ, അവളുടെ വിദ്യാഭ്യാസം മുഴുവന്‍ മുതിര്‍ന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും മേല്‍നോട്ടത്തിലാണ്.

അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവരാണ്.

അവള്‍ പുറംലോകത്തോട് ഇടപഴകുന്നതും സഞ്ചരിക്കുന്നതും എന്തിന് ചിന്തിക്കുന്നതു പോലും അവരുടെ നിയന്ത്രണത്തിലാണ്.

മഠത്തില്‍ ചേര്‍ന്നതിനുള്ള ശേഷമുള്ള ആറോ ഏഴോ വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവളെ പഠിപ്പിക്കുന്നത് അഭിഷിക്തനോട്, അതായതു പട്ടം കെട്ടിയ വൈദികനോട്– അനുസരണക്കേട് പാപമാണ് എന്നാണ്.

അതുകൊണ്ട്,

അവളുടെ നിയമബോധം ശരിയല്ലെങ്കില്‍,

അവളുടെ സ്വാതന്ത്ര്യബോധം പൂര്‍ണമല്ലെങ്കില്‍,

അവള്‍ക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യമില്ലെങ്കില്‍,

പീഡിപ്പിച്ചയാളാണെങ്കിലും ഇടയനോടൊപ്പം നില്‍ക്കുമ്പോള്‍ ആട്ടിന്‍കുട്ടിയുടെ വിധേയത്വം പ്രകടിപ്പിക്കാതിരിക്കാന്‍ ആത്മബലമില്ലെങ്കില്‍

അതിന് അവളെ പ്രാപ്തയാക്കാതിരുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഭയ്ക്കും പിതാക്കന്‍മാര്‍ക്കുമാണു ബാധ്യത.

കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിവാഹിതയും അമ്മയുമായിരുന്നു.

മദര്‍ ഏലീശ്വ.

ഭര്‍ത്താവിന്‍റെ മരണശേഷം അവര്‍ കന്യാസ്ത്രീയായി.

അവരുടെ മകള്‍ അന്നയും കന്യാസ്ത്രീയായി.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു മദര്‍ ഏലീശ്വയുടേത്.

മദര്‍ ഏലീശ്വയുടെ നാമവും സംഭാവനകളും തമസ്കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തതിനുള്ള കാരണങ്ങള്‍ പഠനവിഷയമാക്കേണ്ടതാണ്.

മനുഷ്യരെ വരിക്കാനുള്ള പ്രായപരിധി 21 ആക്കണമെന്ന് വാദം സജീവമായിരിക്കെ ദൈവത്തെ വരിക്കാനുള്ള പ്രായപരിധി ഇരുപത്തിയഞ്ചോ മുപ്പതോ ആക്കേണ്ടതല്ലേ?

ദൈവത്തെ മനസ്സിലാക്കുന്നതിനും മുമ്പ് കര്‍ത്താവിന്‍റെ മണവാട്ടി സ്വയം മനസ്സിലാക്കണമല്ലോ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്