കരുത്ത് തെളിയിച്ച് യെച്ചൂരി

By Web DeskFirst Published Apr 22, 2018, 2:42 PM IST
Highlights
  • രാഷ്ട്രീയപ്രമേയത്തില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തുള്ള താല്ക്കാലിക പരിഹാരമാണ് ഉണ്ടാക്കാനായത്. 

അസാധാരണ നീക്കങ്ങള്‍ കണ്ട സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയതലത്തിലെ പ്രതിസന്ധിയും തിരിച്ചടിയും നേരിടാന്‍ വ്യക്തമായ ദിശ കണ്ടെത്താന്‍ കഴിയാതെയാണ് അവസാനിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി കരുത്തനാകുന്നത് പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ ഭാവിയില്‍ മാറ്റിയെഴുതും.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങും മുമ്പ് രണ്ട് പ്രധാന ചോദ്യങ്ങളാണ് ഉയര്‍ന്നിരുന്നത്. ഒന്ന്, കരടു രാഷ്ട്രീയപ്രമേയത്തില്‍ മാറ്റം വരുത്തണമെന്ന് ബംഗാള്‍ നിലപാട് പാര്‍ട്ടിയെ ഏതറ്റം വരെ കൊണ്ടു പോകും. രണ്ട്, സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരുമോ. ഈ രണ്ട് ചോദ്യങ്ങള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉത്തരം കിട്ടിയിരിക്കുന്നു. രാഷ്ട്രീയപ്രമേയത്തില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തുള്ള താല്ക്കാലിക പരിഹാരമാണ് ഉണ്ടാക്കാനായത്. 

പശ്ചിമബംഗാളിന് പുറമെ ത്രിപുരയിലും പുറത്തായ പാര്‍ട്ടി ദേശീയതലത്തില്‍ ഒരു തിരിച്ച് വരവിനുളള വ്യക്തമായ പാത കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. 2004-ല്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് വഹിച്ചതു പോലെ ബദല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ചാലകശക്തിയായി മാറാന്‍ ഇന്ന് സിപിഎം നേതൃത്വത്തിന് കഴിയുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. പിബിയില്‍ ഇപ്പോഴും ഭൂരിപക്ഷം പ്രകാശ് കാരാട്ടിന് ഒപ്പമാണ്. 

എന്നാല്‍ തന്റെ പിന്തുണ കേന്ദ്രകമ്മിറ്റിയില്‍ കൂട്ടാന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ മാറുമോ എന്നത് നിശ്ചയിക്കും. ദേശീയതലത്തില്‍ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യത ഉണ്ടെങ്കില്‍ പ്രമേയത്തിലെ പഴുതുകള്‍ ഉപയോഗിച്ച് തന്നെ യെച്ചൂരി അതില്‍ ഒരു പങ്ക് വഹിക്കാന്‍ ശ്രമിക്കും. നയമല്ല മറിച്ച് നേതാക്കള്‍ക്കിടയിലെ വ്യക്തിപരമായ അകല്ച്ചയും തര്‍ക്കവുമാണ് സിപിഎമ്മിലെ ഇന്നത്തെ ഭിന്നതയ്ക്ക് കാരണം. 

മാത്രമല്ല സിപിഎമ്മിന്റെ പ്രമുഖ ഘടകങ്ങളായ പശ്ചിമബംഗാളിനും കേരളത്തിനും ഇടയിലെ അവിശ്വാസം വീണ്ടും ദൃശ്യമായി. നിലപാടിന്റെ കാര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു യോജിപ്പുമില്ല എന്ന ഈ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉത്ഘാടന സമ്മേളനത്തില്‍ തന്നെ പ്രകടമായിരുന്നു. ഈ ആശയക്കുഴപ്പത്തിന് സ്ഥിരമായ പരിഹാരം കാണാനും ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. 


 

click me!