പതിറ്റാണ്ടുകള്‍ കണ്ട പ്രക്ഷോഭത്തില്‍ ഫ്രാന്‍സ്; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തെരുവില്‍ പ്രകടനം

Published : Dec 08, 2018, 08:39 PM ISTUpdated : Dec 08, 2018, 11:40 PM IST
പതിറ്റാണ്ടുകള്‍ കണ്ട പ്രക്ഷോഭത്തില്‍ ഫ്രാന്‍സ്; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തെരുവില്‍ പ്രകടനം

Synopsis

പണക്കാരുടെ മാത്രം അധികാരിയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണെന്നും പാവങ്ങളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയാണ് പ്രസിഡന്റ് നടപ്പിലാക്കുന്നതെന്നും പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രസിഡന്റ് രാജി വച്ചൊഴിയണമെന്നും ഇവര്‍ പറയുന്നു

പാരിസ്: ഫ്രാന്‍സില്‍ ഭരണകൂടത്തിനെതിരെ സംഘടിച്ച 'യെല്ലോ വെസ്റ്റ്സ്' കൂട്ടായ്മയില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 31,000 പേര്‍ 'യെല്ലോ വെസ്റ്റ്സില്‍' ഉണ്ടെന്നും 700 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ലോറന്റ് നന്‍സ് അറിയിച്ചു. 

പാരിസിലെ ചാംപ്‌സ് എലൈസിസില്‍ മാത്രം പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി ഇന്ന് ഒത്തുകൂടിയത് 1500ലധികം പേരായിരുന്നു. കണ്ണീര്‍വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചാണ് പൊലീസ് ഇവരെ എതിരിട്ടത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ 400ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് ഫ്രാന്‍സ് ഇത്തരത്തില്‍ വലിയൊരു പ്രക്ഷോഭത്തിന് വേദിയാകുന്നത്. 

ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യം ഒരു സംഘം മഞ്ഞക്കോട്ട് ധരിച്ച് പ്രക്ഷോഭം തുടങ്ങിയത്. പിന്നീട് ഇത് സര്‍ക്കാരിന്റെ വിവിധ ഭരണനയങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു. സാമ്പത്തികമേഖലകളില്‍ നികുതി കുറയ്ക്കുക, തൊഴില്‍ വേതനം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും പ്രക്ഷോഭകാരികള്‍ മുന്നോട്ടുവയ്ക്കുന്നത്. 

പണക്കാരുടെ മാത്രം അധികാരിയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണെന്നും പാവങ്ങളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയാണ് പ്രസിഡന്റ് നടപ്പിലാക്കുന്നതെന്നും പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രസിഡന്റ് രാജി വച്ചൊഴിയണമെന്നും ഇവര്‍ പറയുന്നു. 

ഇതിനിടെ ഫ്രാന്‍സിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് മറ്റ് രാജ്യങ്ങള്‍ രംഗത്തെത്തി. യു.എസ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പാരിസിലെ ഈഫല്‍ ടവറടക്കമുള്ള പല പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ട നിലയില്‍ തന്നെയാണ് തുടരുന്നത്. 

പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 90,000 പൊലീസുകാരെയാണ് ആകെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ മാത്രമായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 8,000 പേര്‍ പാരിസിലാണുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യൂബയെ അമേരിക്ക ആക്രമിക്കില്ല, പക്ഷേ ഈ രണ്ട് രാജ്യങ്ങൾ അധിക നാൾ ഇത് ചെയ്യില്ല; മുന്നറിയിപ്പുമായി ട്രംപ്
റഷ്യയെ വിറളിപിടിപ്പിച്ച് യുക്രൈൻ്റെ സൈനിക നീക്കം, മോസ്കോയിൽ വിമാനത്താവളങ്ങൾ അടച്ചു; നടപടി ഡ്രോൺ ആക്രമണത്തിന് പിന്നാലെ