
കണ്ണര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. നാളെ കീഴ്ച്ചേരി മുതൽ കണ്ണൂർ വരേയാണ് യോഗീ ആദിത്യനാഥ് പദയാത്രയുടെ ഭാഗമാകുക. അതിനിടെ ജനരക്ഷാ യാത്രയിൽ പങ്കെടുക്കാനെത്തിയ ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരുമായി കാസർഗോഡ് നേരിയ സംഘർഷമുണ്ടായി. ജനരക്ഷാ യാത്രയുടെ രണ്ടാദിവസമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി പദയാത്രയുടെ ഭാഗമാകുന്നത്. 13 കിലോമീറ്റർ ദൂരം യോഗീ ആദിത്യനാഥ് പദയാത്രയോടൊപ്പം നടക്കും. കേന്ദ്രമന്ത്രി വിനയ് ശുക്ലയും നാളെ പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്.
അതിനിടെ ജനരക്ഷാ യാത്രയ്ക്കെത്തിയ ബിജെപി പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസിനുനേരെ നീലേശ്വരം പള്ളിക്കരയിൽ കല്ലേറുണ്ടായി. ബസിന്റെ മുൻ ഗ്ലാസ് തകർന്നു. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ പള്ളിക്കരയിൽ പി.കരുണാകരൻ എംപിയുടെ വീടിന് മുന്നിൽ അസഭ്യം വിളിച്ച ബിജെപി പ്രവർത്തകരാണ് പ്രകോപനത്തിന് കാരണമെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസും പാർട്ടി നേതാക്കളും ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി നീലേശ്വരത്ത് വച്ചും ബിജെപി സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പദയാത്രയുടെ കൊടിതോരണങ്ങൾ കെട്ടുകായായിരുന്ന പ്രവർത്തകരെ ആക്രമിച്ചെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ പാർട്ടി സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും ബോർഡുകളും ബിജെപി പ്രവർത്തകർ തകർത്തത് തടയുകയാണുണ്ടായതെന്നും ആക്രമം നടത്തിയത് ബിജെപി പ്രവർത്തകരാണെന്നുമാണ് സിപിഎം ഭാഷ്യം. സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി. രാഷ്ട്രീയ സംഘർഷം പടരാതിരിക്കാനായി മേഖലയിൽ പൊലീസ് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam