അയോധ്യയില്‍ തര്‍ക്കഭൂമിയിലെ രാമക്ഷേത്രത്തില്‍ യോഗി ആദിത്യനാഥിന്‍റെ പ്രാര്‍ത്ഥന

By Web DeskFirst Published Oct 19, 2017, 2:24 PM IST
Highlights

അയോധ്യ: അയോധ്യയില്‍ തര്‍ക്കഭൂമിയിലെ രാമക്ഷേത്രത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തി. രാമക്ഷേത്ര നിര്‍മ്മാണത്തിന് മുസ്ലിംവിഭാഗത്തിലുള്ളവരും പിന്തുണ അറിയിച്ചതായി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ആദിത്യനാഥ് കോടതിവിധിക്കായി കാത്തിരിക്കണമെന്ന് മുസ്ലിംവ്യക്തിനിയമബോര്‍ഡ് ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാമെങ്കില്‍ എനിക്കെന്തുകൊണ്ട് ചെയ്തു കൂടാ? ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിച്ചുവെന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ബിജെപി ഉത്തര്‍പ്രദേശില്‍ ജയ്ശ്രീരാം മുദ്രാവാക്യത്തിലേക്ക് മടങ്ങുകയാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വന്‍ ആഘോഷമാണ് ദീപാവലിക്ക് സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാംലല്ല വിഗ്രഹമുള്ള താല്ക്കാലിക ക്ഷേത്രത്തില്‍ യോഗി ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തിയത്

ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ ശേഷമാണ് ആദിത്യനാഥ് രാംലല്ലയില്‍ പ്രാര്‍ത്ഥന നടത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പിന്തുണ അറിയിച്ച് മുസ്ലിം വിഭാഗവും രംഗത്തു വന്നു എന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഇന്നലെ ദീപാവലി ആഘോഷത്തില്‍ ഷിയ, സുന്നി വിഭാഗങ്ങളില്‍ നിന്ന് ചില പ്രതിനിധികളെ ബിജെപി എത്തിച്ചിരുന്നു. സുപ്രീം കോടതി ഡിസംബറില്‍ കേസ് തുടര്‍ച്ചയായി കേള്‍ക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

കോടതി പരിഹരിക്കാനിരിക്കുന്ന വിഷയത്തില്‍ പുറത്ത് തീരുമാനമുണ്ടാകും എന്ന് മുഖ്യമന്ത്രി പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും തകര്‍ക്കഭൂമിക്ക് പുറത്തുള്ള നിര്‍മ്മാണമാണെങ്കില്‍ പിന്തുണയ്ക്കുമെന്നും മുസ്ലിംവ്യക്തിനിയമ ബോര്‍ഡ് പ്രതികരിച്ചു. തര്‍ക്കഭൂമിയിയെ ബന്ധപ്പെടുത്തിയുള്ള എത് നീക്കത്തില്‍ നിന്നും മാറി നില്ക്കാനുള്ള മാന്യത മുഖ്യമന്ത്രി കാട്ടണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
 

click me!