പശുക്കളെ ജനുവരി 10നുള്ളില്‍ സുരക്ഷിത കേന്ദ്രങ്ങളിലാക്കണം; യോഗിയുടെ കര്‍ശന നിര്‍ദേശം

By Web TeamFirst Published Jan 5, 2019, 10:21 PM IST
Highlights

ഓരോ ജില്ലാ പഞ്ചായത്തിനും കീഴില്‍ 750 'കൗ ഷെല്‍ട്ടറുകള്‍' പണിയാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും ഇവിടെ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും യോഗി നിര്‍ദേശിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ തെരുവില്‍ അലയുന്ന എല്ലാ പശുക്കളെയും ഈ മാസം പത്തിന് മുമ്പ് സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കര്‍ശന നിര്‍ദേശം. നേരത്തെ, പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് 160 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും 10 കോടി രൂപ വീതമാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ 'ഗോശാല'കള്‍ പണിയാനായി സംസ്ഥാനത്തെ 75 ജില്ലകള്‍ക്കും 1.2 കോടി രൂപ വീതം നല്‍കിയിട്ടുണ്ട്. പശുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ച പ്രസ്താവനയിലാണ് ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അലഞ്ഞുനടക്കുന്ന പശുക്കളെ പുനരധിവസിപ്പിക്കാനായി വേണ്ട നടപടികള്‍ ഉടന്‍ എടുക്കണമെന്നും പശുക്കള്‍ക്ക് യഥേഷ്ടം മേഞ്ഞുനടക്കാനുള്ള മേച്ചില്‍പ്പുറങ്ങള്‍ കയ്യേറിയവരെ പിടികൂടണമെന്നും യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓരോ ജില്ലാ പഞ്ചായത്തിനും കീഴില്‍ 750 'കൗ ഷെല്‍ട്ടറുകള്‍' പണിയാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും ഇവിടെ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും യോഗി നിര്‍ദേശിച്ചു. 

click me!