ആക്രമിച്ചോളൂ, അഴിമതിക്കാരനെന്ന് വിളിക്കരുതെന്ന് മോദി

By Web TeamFirst Published Jan 27, 2019, 6:22 PM IST
Highlights

''നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ. പക്ഷേ നാട്ടിലെ ചെറുപ്പാക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. എന്നെ എത്ര വേണമെങ്കിലും അപമാനിച്ചോള്ളൂ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുത്''

തൃശൂര്‍: രാജ്യത്തിന്‍റെ വികസനത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ ആക്രമിക്കുകയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമിച്ചോളൂ എന്നാല്‍ തന്നെ അഴിമതിക്കാരനെന്ന് വിളിക്കരുതെന്ന് മോദി തൃശൂരില്‍ പറഞ്ഞു. രാജ്യത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ വരുമ്പോള്‍ മോദിയെ വെറുക്കുക എന്ന അജന്‍ഡയുമായാണ് പ്രതിപക്ഷത്തുള്ള സുഹൃത്തുകള്‍ വരുന്നത്. അവര്‍ക്ക് മറ്റൊരു രാഷ്ട്രീയവും മുന്നോട്ട് വയ്ക്കാനില്ല. അവര്‍ രാവിലെ എണീക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ മോദിയെ അപമാനിക്കാന്‍ മാത്രമാണെന്നും മോദി പറഞ്ഞു. 

'നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്. എന്നെ എങ്ങനെയും അധിക്ഷേപിച്ചോള്ളൂ. പക്ഷേ നാട്ടിലെ ചെറുപ്പാക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോള്ളൂ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുത്' - മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.  

ഇന്ത്യയുടെ കരുത്ത് ഇന്ത്യയുടെ ജനാധിപത്യമാണ്. രാജ്യം ശക്തമാണെങ്കില്‍ ഇവിടെ ജനാധിപത്യം ശക്തമായി നിലനില്‍ക്കണം. തെരഞ്ഞെടുപ്പ് വരും പോകും. പക്ഷേ രാജ്യം നിലനില്‍ക്കും. മോദിയോടുള്ള വെറുപ്പിന്‍റെ പേരില്‍ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യവ്യവസ്ഥയേയും അപമാനിക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നിര്‍ത്തണം. ഇന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നതും നശിപ്പിക്കാന്‍ നോക്കുന്നതും പോരാതെ അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ മനസാണെന്നും ഇടത്, വലത് മുന്നണികളെ വിമര്‍ശിച്ച് മോദി പറഞ്ഞു.
 

click me!