നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡന്‍റ് ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡന്‍റ് ശ്വേത മേനോൻ. സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരാ. അപ്പീൽ പോകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പ്രതികരിച്ചു. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അമ്മ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്‍റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിന്, അത് ബാബുരാജിന്‍റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.

കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

YouTube video player