Latest Videos

ബംഗളൂരുവിലെ പള്ളിക്കുള്ളിൽ തൂങ്ങി മരിച്ച യുവാവ് മലയാളിയെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി

By Web TeamFirst Published Oct 22, 2018, 12:18 PM IST
Highlights

പള്ളിയിൽ യോഗത്തിനെത്തിയ കമ്മിറ്റിയംഗമാണ് മൃതദേഹം ആദ്യമായി കാണുന്നത്. തുടർന്ന് ഇയാൾ പള്ളി അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാവിലെ ആറ് മണിയോടെയാണ് യുവാവ് പള്ളിലെത്തിയത്. മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ബംഗളൂരു: പള്ളിക്കുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ ചാമരാജ് പേട്ടിലെ സെന്റ് ലൂക്ക പള്ളിയിലാണ് സംഭവം.  സ്ഥലത്ത് നിന്ന് നിരവധി തവണ ആത്മഹത്യ ശ്രമം നടത്തിയതിനുള്ള തെളിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ‌നിന്നാണ് ഇയാൾ നാലു മണിക്കൂറിനിടെ മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. ആദ്യതവണ ഒരു തുണി ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും തുണിപൊട്ടി നിലത്തുവീഴുകയായിരുന്നു. എന്നാൽ വീഴ്ച്ചയിൽ ചെറിയ പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു.

രണ്ടാമത്തെ തവണ പൊട്ടിയ ഗ്ലാസ് വയറിൽ കുത്തിയിറക്കുകയായിരുന്നു. അതിനിടെ ചുമരിൽ ചോരക്കൊണ്ട് മലയാളത്തിൽ ‘ലത’ എന്നെഴുതി. തുടർന്ന് ടെറസിലേക്ക്‌ കയറിയ യുവാവ് താഴേക്കു ചാടിയെങ്കിലും ആ ശ്രമവും പരാജയപ്പെട്ടു. ലിന്റലിൽ തട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിടുകയും കോണിപ്പടിയുടെ കൈവരിയിൽ ഒരറ്റം കെട്ടുകയും ചെയ്ത് താഴേക്ക് ചാടുകയായായിരുന്നു.

പള്ളിയിൽ യോഗത്തിനെത്തിയ കമ്മിറ്റിയംഗമാണ് മൃതദേഹം ആദ്യമായി കാണുന്നത്. തുടർന്ന് ഇയാൾ പള്ളി അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാവിലെ ആറ് മണിയോടെയാണ് യുവാവ് പള്ളിലെത്തിയത്. മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത വിവി പുരം പൊലീസ് യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ബംഗളൂരിൽ വിവിധയിടങ്ങളിലായി യുവാവിന്റെ ഫോട്ടോ പൊലീസ് പതിച്ചിട്ടുണ്ട്. 

click me!